ഗംഗ എല്ലാവരുടെയും അമ്മ: യോഗി ആദിത്യനാഥ്

വാരാണസി∙ ഗംഗാനദി എല്ലാവരുടെയും അമ്മയാണെന്നും നദിയെ അനാദരിക്കുന്നതു രാജ്യദ്രോഹമാണെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇന്ത്യയുടെ സനാതന സംസ്കാരത്തിന്റെ ചിഹ്നമാണു ഗംഗയെന്നും നദീതീരത്തെ ഗ്രാമമുഖ്യൻമാരുടെ യോഗത്തിൽ അദ്ദേഹം പറഞ്ഞു. ഗംഗാനദി ശുചിയാക്കുന്നതിനുള്ള ഗംഗ ആക്‌ഷൻ പ്ലാൻ എൺപതുകളിൽ തുടങ്ങിയെങ്കിലും നദി കടന്നുപോകുന്ന സംസ്ഥാനങ്ങളുടെ നിസ്സഹകരണത്തെ തുടർന്നു ഫലം കണ്ടില്ല. മാലിന്യം വൻതോതിൽ വർധിച്ചു. ഗംഗ ശുചിയാക്കാനുള്ള ശ്രമങ്ങൾക്കു നമാമി ഗംഗ പദ്ധതിയിലൂടെ നരേന്ദ്ര മോദി സർക്കാർ വീണ്ടും തുടക്കംകുറിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.