1100ൽ വിളിക്കൂ; കൈക്കൂലി തിരിച്ചുമേടിക്കൂ!

അമരാവതി ∙ ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പറയുന്നതു വിശ്വസിക്കാമെങ്കിൽ സംസ്ഥാനത്ത് കൈക്കൂലി കൊടുക്കുന്നയാൾക്കു കാശുപോവില്ല. പക്ഷേ ഒരുകാര്യം ചെയ്യണം. കൊടുത്തുകഴിഞ്ഞു നമ്പർ 1100ൽ വിളിച്ചു കാര്യം പറയണം. കാശുമായി ഗവൺമെന്റ് ഉദ്യോഗസ്ഥൻ നിങ്ങളുടെ വീട്ടിലെത്തി തിരിച്ചുതരും.

കർണൂൽ ജില്ലയിൽ മാത്രം ഇങ്ങനെ 12 പേർ വാങ്ങിയ കൈക്കൂലി തിരിച്ചുനൽകിയെന്നു മുഖ്യമന്ത്രി പറഞ്ഞു. ഒരു ദേശീയ സർവേയിൽ അഴിമതിയിൽ രാജ്യത്തു രണ്ടാം സ്ഥാനം ആന്ധ്രയ്ക്കാണെന്നു കണ്ടെത്തിയതിനെത്തുടർന്ന് അതിനെതിരായ ഗവൺമെന്റ് നടപടിയുടെ ഭാഗമാണ് ഈ തിരിച്ചുകൊടുക്കൽ. അഴിമതിയിൽ ആദ്യസ്ഥാനം കർണാടകയ്ക്കാണ്.