അഗസ്റ്റയ്ക്കു പിന്നാലെ ടൈറ്റാനിയം അഴിമതി; ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് 18.5 ദശലക്ഷം ഡോളര്‍ കൈക്കൂലി

boeing
SHARE

ന്യൂയോര്‍ക്ക് ∙ അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് അഴിമതി ആരോപണങ്ങള്‍ക്കു സമാനമായ തരത്തില്‍ ഇന്ത്യയില്‍ വിവാദമാകാന്‍ ഇടയുള്ള മറ്റൊരു കൈക്കൂലി കേസിന് അമേരിക്കയില്‍ കളമൊരുങ്ങുന്നു. ഇന്ത്യയില്‍നിന്ന് ടൈറ്റാനിയം ഖനനം ചെയ്യാനുള്ള കരാറിനായി പ്രമുഖ വിമാനനിര്‍മാണ കമ്പനിയായ ബോയിങ്ങില്‍നിന്ന് ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങിയെന്ന റിപ്പോര്‍ട്ടാണ് ന്യൂയോര്‍ക്ക് ടൈംസ് പുറത്തുവിട്ടിരിക്കുന്നത്. വാര്‍ത്ത ശ്രദ്ധയില്‍ പെട്ടുവെന്നും സിബിഐക്കു കൈമാറുമെന്നും ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി ട്വിറ്ററില്‍ കുറിച്ചു. 

2006ല്‍ ബോയിങ്ങിന്റെ പുതിയ വിമാനമായ 787 ഡ്രീംലൈനര്‍ നിര്‍മാണവുമായി ബന്ധപ്പെട്ടാണ് അഴിമതി ആരോപണം ഉയര്‍ന്നിരിക്കുന്നത്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ അടുത്ത അനുയായിയും യുക്രേനിയന്‍ ഇടനിലക്കാരനുമായ ദിമിത്രി വി.ഫിര്‍ത്താഷ് വിയന്നയില്‍ അറസ്റ്റിലായതോടെയാണ് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്കു കൈക്കൂലി കൊടുക്കാനുള്ള നീക്കം പുറത്തുവന്നത്. വിമാനനിര്‍മാണത്തിന് ആവശ്യമായ ടൈറ്റാനിയം ഇന്ത്യയില്‍നിന്നു ബോയിങിനു ലഭ്യമാക്കാനായി ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് 18.5 ദശലക്ഷം ഡോളര്‍ കൈക്കൂലി കൊടുത്തുവെന്ന കുറ്റമാണ് അമേരിക്ക ദിമിത്രിക്കെതിരേ ചുമത്തിയിരിക്കുന്നത്. ദിമിത്രിയെ വിചാരണയ്ക്കായി അമേരിക്കയിലേക്കു കൊണ്ടുവരാനുള്ള ശ്രമത്തിലാണ് അധികൃതര്‍. ഇതു വിജയിച്ചാല്‍ കൈക്കൂലി സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരും. 

കേരളത്തിലെ തീരദേശമണലിലും ആന്ധ്രപ്രദേശിലും ഉള്‍പ്പെടെ ഇന്ത്യയില്‍ പലയിടത്തും വിമാനനിര്‍മാണത്തിന് അത്യാവശ്യമായ ടൈറ്റാനിയത്തിന്റെ അയിര് ധാരാളമുണ്ട്. കൈവശമുള്ള ടൈറ്റാനിയം വിമാന നിര്‍മാണത്തിന് അപര്യാപ്തമാണെന്നു കണ്ട ബോയിങ് കമ്പനി, സഹായം തേടി കണ്‍സള്‍ട്ടിങ് കമ്പനിയായ മക്കിന്‍സിയെ സമീപിച്ചു. ദിമിത്രിയെ ഇടനിലക്കാരനാക്കി ഇന്ത്യയില്‍നിന്നു ടൈറ്റാനിയം ഖനനം ചെയ്യാനായി പ്രതിവര്‍ഷം 500 ദശലക്ഷം ഡോളര്‍ മൂല്യമുള്ള പദ്ധതിയാണു ബോയിങ് മുന്നോട്ടുവച്ചത്. എന്നാല്‍ ദിമിത്രി വി.ഫിര്‍ത്താഷിന്റെ കമ്പനിയുമായി ചേര്‍ന്നുള്ള പദ്ധതിയുടെ വൈഷമ്യങ്ങളെപ്പറ്റി മക്കിന്‍സി മുന്നറിയിപ്പു നല്‍കി. 

'പാരമ്പര്യ ഉദ്യോഗസ്ഥാധികാരത്തിന്റെ ഭാഗമായ കൈക്കൂലിയെ' ബഹുമാനിക്കുന്നതാണ് ഇന്ത്യയില്‍ അനുയോജ്യമായതെന്നു മക്കിന്‍സി അറിയിച്ചു. കൈക്കൂലി നല്‍കി കാര്യം സാധിക്കാന്‍ സഹായിക്കുന്ന ഇന്ത്യയിലെ എട്ട് ഉന്നത ഉദ്യോഗസ്ഥരുടെ പട്ടികയും ഇവര്‍ ബോയിങ്ങിനു കൈമാറി. ഈ ഉദ്യോഗസ്ഥരുടെ അറിവില്ലാതെ ടൈറ്റാനിയം ഖനനം സാധ്യമല്ലെന്നും സൂചിപ്പിച്ചു. കൈക്കൂലി നല്‍കുന്നതു നിയമവിരുദ്ധമാണെന്ന് മക്കിന്‍സിയുടെ പവര്‍ പോയിന്റില്‍ ഒരിടത്തും പറയുന്നില്ല.  കൈക്കൂലി നല്‍കുകയോ നല്‍കാന്‍ നിര്‍ദേശിക്കുകയോ ചെയ്തിട്ടില്ലെന്നു ഫിര്‍ത്താഷ് അറിയിച്ചു. ആരൊക്കെയാണ് കൈക്കൂലി വാങ്ങിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നില്ല.

റഷ്യയില്‍നിന്ന് യുക്രൈനിലേക്ക് ഉള്‍പ്പെടെ വാതക ഇടപാടിന്റെ ഇടനിലക്കാരനായിനിന്നു വന്‍തോതില്‍ പണമുണ്ടാക്കിയയാളാണു ഫിര്‍ത്താഷ്. വിയന്നയിലാണ് ഇയാള്‍ അറസ്റ്റിലായത്. റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്റെ അടുപ്പക്കാരനായ ഫിര്‍ത്താഷിനെ പിടിക്കാനായത് അമേരിക്കയെ സംബന്ധിച്ചു വലിയ കാര്യമാണ്. യുഎസില്‍ റജിസ്റ്റര്‍ ചെയ്ത കൈക്കൂലി കേസില്‍ ബോയിങ്ങോ മക്കിന്‍സിയോ ഉള്‍പ്പെട്ടിട്ടില്ല. 

കിട്ടാന്‍ 'ടൈറ്റായ' ടൈറ്റാനിയം 

രണ്ടായിരത്തിന്റെ തുടക്കത്തില്‍ ബോയിങ്ങിന്റെ പ്രധാന എതിരാളി യൂറോപ്യന്‍ കണ്‍സോര്‍ഷ്യത്തിന്റെ എയര്‍ബസ് ആയിരുന്നു. വലിയ വിമാനങ്ങളുമായെത്തിയ എയര്‍ബസിനെ മറികടക്കാനാണു മികച്ച ഇന്ധനക്ഷമതയും കുറഞ്ഞ അറ്റകുറ്റപ്പണികളുമുള്ള മോഡലായ 787 ഡ്രീംലൈനര്‍ അവതരിപ്പിച്ചത്. പ്രധാനമായും ടൈറ്റാനിയത്തെ ആശ്രയിച്ചായിരുന്നു ഡ്രീംലൈനറിന്റെ മികവുകള്‍ തയാറാക്കിയത്.

വിമാനം ജനപ്രീതി നേടിയതോടെ ആവശ്യക്കാരേറി. ഡ്രീംലൈനര്‍ വിമാനങ്ങളുടെ നിര്‍മാണം ബോയിങ് വര്‍ധിപ്പിച്ചു. നട്ട്, ബോള്‍ട്ട്, വാഷര്‍ തുടങ്ങിയവയ്ക്കു വിപണയില്‍ ക്ഷാമമുണ്ടായി. ഇതിനൊപ്പമാണു ടൈറ്റാനിയവും കിട്ടാതായത്. സാമ്പത്തിക ശേഷിയുള്ള ആറ് ആഗോള വ്യവസായികളുടെ കൂട്ടായ്മ, ബോയിങ്ങിന് ആവശ്യത്തിന് ലോഹം വിതരണം ചെയ്യാമെന്ന് അറിയിച്ചു. ബോത്ലി ട്രേഡ് എജി എന്ന കമ്പനി ആന്ധ്രാപ്രദേശില്‍ ഖനനത്തിനു ധാരണാപത്രം ഒപ്പിട്ടു. പ്രദേശവാസികളുടെ കടുത്ത പ്രതിഷേധത്തെതുടര്‍ന്നു ഖനനം മുന്നോട്ടു പോയില്ലെന്നാണു സൂചന. 

ഇന്ത്യയില്‍ രാഷ്ട്രീയ വിവാദത്തിനു തിരികൊളുത്തിയിരിക്കുന്ന അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് അഴിമതിക്കേസ് പുറത്തുവന്നത് ഇറ്റാലിയന്‍ കോടതി കൈക്കൂലി കേസില്‍ ഫിന്‍മെനിക്ക കമ്പനി അധികൃതരെ കുറ്റക്കാരാക്കി വിധി പ്രഖ്യാപിച്ചപ്പോഴാണ്. ഹെലികോപ്ടര്‍ കരാര്‍ ലഭിക്കാനായി കമ്പനി ഇന്ത്യന്‍ അധികൃതര്‍ക്കു കൈക്കൂലി നല്‍കിയതിന്റെ രേഖകള്‍ പുറത്തുവന്നതും ഇതോടെയാണ്. തുടര്‍ന്ന് ദുബായില്‍ അറസ്റ്റിലായ ഇടനിലക്കാരന്‍ ക്രിസ്റ്റിയന്‍ മിഷേലിനെ ഇന്ത്യയിലെത്തിച്ച് ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. യുപിഎ അധ്യക്ഷ സോണിയ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തുടങ്ങിയവരാണു ആരോപണം നേരിടുന്നത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA