Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാട്സാപ് ഗ്രൂപ്പിൽ അശ്ലീലം: പൈലറ്റുമാർ കുടുങ്ങി

pilot

ന്യൂഡൽഹി∙ വാട്സാപ് ഗ്രൂപ്പിൽ അശ്ലീല സന്ദേശങ്ങൾ അയച്ചതുമായി ബന്ധപ്പെട്ടു വ്യോമയാന ഡയറക്ടറേറ്റ് ജനറൽ (ഡിജിസിഎ) നൽകിയ പരാതിയിൽ 13 പൈലറ്റുമാരെ ഡൽഹി പൊലീസ് ചോദ്യംചെയ്തു. ലോധി കോളനി പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തിയായിരുന്നു ചോദ്യംചെയ്യൽ.

ഡിജിസിഎ ഉദ്യോഗസ്ഥർക്കെതിരെ അശ്ലീല സന്ദേശങ്ങൾ അയച്ചതിനു ജെറ്റ് എയർവേയ്സ്, ഇൻഡിഗോ, സ്പൈസ് ജെറ്റ്, ഗോ എയർ എന്നിവയിലെ 34 പൈലറ്റുമാർക്കെതിരെയാണു പരാതി ഉയർന്നത്. മറ്റുള്ളവരെ വരുംദിവസങ്ങളിൽ പൊലീസ് ചോദ്യംചെയ്തേക്കും.

ഡിജിസിഎ ജോയിന്റ് ഡയറക്ടർക്ക് എഴുതിയ വിശദീകരണ കത്തിൽ, അദ്ദേഹത്തിന്റെ തസ്തിക തെറ്റായി രേഖപ്പെടുത്തിയ പൈലറ്റുമാരുടെ നടപടി വിവാദമായതിനു പിന്നാലെയാണു പുതിയ പരാതി. വിവിധ വിമാന കമ്പനികളിലെ പൈലറ്റുമാർ ചേർന്ന് ആരംഭിച്ച വാട്സാപ് ഗ്രൂപ്പിൽ പങ്കുവച്ച അശ്ലീല സന്ദേശം മറ്റു സമൂഹമാധ്യമങ്ങളിലേക്കും ചോർന്നതായാണു വിവരം. സംഭവത്തിൽ വിമാന കമ്പനികൾ നിരുപാധികം മാപ്പു പറഞ്ഞതായി ഡിജിസിഎ വൃത്തങ്ങൾ പറഞ്ഞു.

തങ്ങളുടെ ഏതാനും പൈലറ്റുമാരെ പൊലീസ് ചോദ്യംചെയ്തുവെന്നു സ്ഥിരീകരിച്ച ജെറ്റ് എയർവേയ്സ് അധികൃതർ, വിഷയത്തിൽ പൊലീസിന് എല്ലാ സഹകരണവും ലഭ്യമാക്കുമെന്നറിയിച്ചു. ആഭ്യന്തര അന്വേഷണത്തിനു ശേഷം ഉചിത നടപടി സ്വീകരിക്കുമെന്ന് ഇൻഡിഗോ പ്രതികരിച്ചു. തങ്ങൾക്കു കീഴിലുള്ള ഒരു പൈലറ്റും വാട്സാപ് ഗ്രൂപ്പിൽ മോശം പരാമർശങ്ങൾ നടത്തിയിട്ടില്ലെന്നു സ്പൈസ് ജെറ്റ് വക്താവ് പറഞ്ഞു. തങ്ങളുടെ ഒരു പൈലറ്റിനെതിരെയാണു പരാതി ഉയർന്നതെന്നും വിഷയത്തിൽ നിരുപാധികം മാപ്പു പറഞ്ഞതോടെ കേസ് അവസാനിച്ചുവെന്നും ഗോ എയർ പ്രതികരിച്ചു.

related stories