ആഭ്യന്തര വകുപ്പിനും തെറ്റുപറ്റി; പാക്ക് അതിർത്തിക്കു പകരം സ്പെയിൻ –മൊറോക്കോ അതിർത്തി

കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ വാർഷിക റിപ്പോർട്ടിൽ പ്രസിദ്ധീകരിച്ച സ്പെയിൻ – മൊറോക്കോ അതിർത്തിയുടെ ചിത്രം.

ന്യൂഡൽഹി ∙ ഇന്ത്യ – പാക്കിസ്ഥാൻ അതിർത്തിക്കു പകരം സ്പെയിൻ – മൊറോക്കോ അതിർത്തിയുടെ ചിത്രവുമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ വാർഷിക റിപ്പോർട്ട്! 

മന്ത്രാലയത്തിന്റെ 2016–17 വർഷത്തെ റിപ്പോർട്ടിൽ പാക്ക് അതിർത്തിയിൽ ഫ്ലഡ്‍ലിറ്റ് സ്ഥാപിച്ചതു സംബന്ധിച്ച ഭാഗത്തു ചേർത്തതാണ് ചിത്രം. എന്നാൽ, സ്പെയിനിന്റെയും മൊറോക്കോയുടെയും അതിർത്തിയിൽ സമാനമായ രീതിയിൽ ലൈറ്റുകൾ സ്ഥാപിച്ച അതിർത്തിയുണ്ട്. അതിന്റെ ചിത്രമാണ് അബദ്ധത്തിൽ റിപ്പോർട്ടിൽ ഉപയോഗിച്ചത്. 

അബദ്ധം പറ്റിയിട്ടുണ്ടോ എന്നു പരിശോധിക്കുമെന്നും ഉണ്ടെങ്കിൽ ക്ഷമാപണം നടത്തുമെന്നും ആഭ്യന്തര സെക്രട്ടറി രാജിവ് മെഹ്റിഷി പറഞ്ഞു.