റാം നാഥ് കോവിന്ദ് ഇന്ന് പത്രിക സമർപ്പിക്കും

ന്യൂഡൽഹി∙ എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർഥി റാം നാഥ് കോവിന്ദ് ഇന്നു നാമനിർദേശ പത്രിക സമർപ്പിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാർ, എൻഡിഎ മുഖ്യമന്ത്രിമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷൻ അമിത് ഷാ, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായി‍ഡു, അകാലിദൾ നേതാവ് പ്രകാശ് സിങ് ബാദൽ എന്നിവർ നിർദേശിക്കുന്ന നാലു സെറ്റ് നാമനിർദേശ പത്രികകളാണ് സമർപ്പിക്കുക.

കോവിന്ദിനു പ്രചാരണ പ്രവർത്തനങ്ങൾക്കായി അക്ബർ റോഡിലെ പത്താം നമ്പർ വസതി അനുവദിച്ചിട്ടുണ്ട്. റാം നാഥ് കോവിന്ദ് ഇന്നലെ മുൻ പ്രധാനമന്ത്രി എ.ബി.വാജ്പേയിയെ വസതിയിൽ സന്ദർശിച്ച് ആശീർവാദം തേടി.

കഴിഞ്ഞ ദിവസം അദ്ദേഹം എൽ.കെ.അഡ്വാനി, മുരളീ മനോഹർ ജോഷി എന്നിവരെ സന്ദർശിച്ചിരുന്നു. വിവിധ സംസ്ഥാനങ്ങൾ സന്ദർശിച്ച് കക്ഷിനേതാക്കളെ കണ്ടും കോവിന്ദ് വോട്ട് അഭ്യർഥിക്കും. ബിജെപി ദേശീയ ജനറൽ സെക്രട്ടറി അരുൺ സിങ്ങിനാണ് പ്രചാരണ യാത്രയുടെ ചുമതല.