കശ്മീർ പ്രശ്നം: സുഹൃത്തുക്കളുടെ സഹായം തേടാമെന്ന് ഫാറൂഖ് അബ്ദുല്ല

ന്യൂഡൽഹി ∙ കശ്മീർ പ്രശ്നം പരിഹരിക്കാൻ ചർച്ച മാത്രമാണു പോംവഴിയെന്നും പ്രശ്ന പരിഹാരത്തിന് ഇന്ത്യ സുഹൃത്തുക്കളുടെ സഹായം തേടുകയാണു വേണ്ടതെന്നും നാഷനൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുല്ല. പാർലമെന്റ് മന്ദിരത്തിനു പുറത്തു മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘യുഎസ് പ്രസിഡന്റ് ട്രംപ് കശ്മീർ പ്രശ്നം പരിഹരിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചു. ചൈന സഹായിക്കാമെന്നു പറഞ്ഞു. എന്നാൽ നാം ആരുടെയും സഹായം തേടാതെ വിമാനങ്ങളും ആയുധങ്ങളും വാങ്ങിക്കൂട്ടുകയാണ്. പ്രശ്നം മാത്രം പരിഹരിക്കപ്പെടുന്നില്ല. എത്രനാൾ കൂടി ഇനി നാം കാത്തിരിക്കും? ആയിരം വർഷമോ?’– ഫാറൂഖ് അബ്ദുല്ല ചോദിച്ചു. പ്രശ്നം പരിഹരിച്ചാൽ ആയുധം വാങ്ങാൻ ഉപയോഗിക്കുന്ന പണം രാജ്യത്തെ പാവങ്ങളുടെ ഉന്നമനത്തിന് ഉപയോഗിക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.