ക്യൂ നിന്നിട്ടും ശശികലയെ കാണാനാകാതെ ദിനകരൻ

ടി.ടി.വി.ദിനകരൻ, ശശികല (ഫയൽ ചിത്രം)

ബെംഗളൂരു ∙ അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി വി.കെ.ശശികലയെ സന്ദർശിക്കാൻ പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിലെത്തിയ ഡപ്യൂട്ടി ജനറൽ സെക്രട്ടറി ടി.ടി.വി.ദിനകരനു വിഐപി പരിഗണന ലഭിക്കാതെ ക്യൂ നിൽക്കേണ്ടി വന്നു. അര മണിക്കൂർ കാത്തുനിന്നപ്പോഴേക്കും സന്ദർശനസമയം കഴിഞ്ഞതിനാൽ ശശികലയെ കാണാനാകാതെ മടങ്ങേണ്ടിയും വന്നു.

ശശികല ജയിലിൽ പ്രത്യേക സൗകര്യങ്ങൾ നേടിയെടുത്തെന്ന റിപ്പോർട്ട് പുറത്തുവന്നതോടെ നിയന്ത്രണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. എല്ലാ സന്ദർശകരെയും ഒരേപോലെ പരിഗണിച്ചാൽ മതിയെന്നാണു നിർദേശം. ശശികലയെ കാണാൻ എത്തിയിരുന്നപ്പോഴൊക്കെ ദിനകരനു പ്രത്യേക പരിഗണന ലഭിച്ചിരുന്നു.  ജയിലിലെത്തിയ ദിനകരന്റെ കാർ സുരക്ഷാ ജീവനക്കാർ തടഞ്ഞു ക്യൂവിൽ പോയി നിൽക്കാൻ ആവശ്യപ്പെടുകയായിരുന്നു.