ഓരോ നിമിഷവും ജീവസ്സുറ്റ പത്തു വർഷങ്ങൾ

ന്യൂഡൽഹി ∙ ചില കാരണങ്ങൾകൊണ്ടു ഡോ. ഹാമിദ് അൻസാരിയുടെ ഉപരാഷ്‌ട്രപതികാലത്തിനു സാമ്യം ഡോ. സർവേപ്പള്ളി രാധാകൃഷ്‌ണന്റേതുമായാണ്. രണ്ടുപേരും രണ്ടുതവണ ഉപരാഷ്‌ട്രപതിമാരായിരുന്നു, അതിനു മുൻപു നയതന്ത്രജ്‌ഞരായിരുന്നു; സർവകലാശാലയിൽ പ്രവർത്തിച്ച പശ്‌ചാത്തലവുമുണ്ട്. വിദേശരാജ്യങ്ങളുമായുള്ള ബന്ധം സുദൃഢമാക്കാനും ഇരുവരെയും സർക്കാരുകൾ പ്രയോജനപ്പെടുത്തി.

രാജ്യസഭാധ്യക്ഷൻ എന്ന പദവിയുടെ പ്രയോഗത്തിലേക്കു വരുമ്പോൾ സാമ്യം വഴിപിരിയും. മണിക്കൂറുകളോളം സഭ നിയന്ത്രിക്കുന്നതിലെ മുഷിപ്പിനെക്കുറിച്ച് ആശങ്ക വ്യക്‌തമാക്കിയയാളാണ് ആദ്യ ഉപരാഷ്‌ട്രപതി. ഉപരാഷ്‌ട്രപതിയെ രാജ്യസഭാ അധ്യക്ഷനെന്ന ചുമതലയിൽനിന്ന് ഒഴിവാക്കണമെന്ന് അദ്ദേഹം വാദിക്കുകപോലുമുണ്ടായി. എന്നാൽ, സ്വാതന്ത്ര്യത്തിന്റെ 60–ാം വർഷത്തിൽ ഉപരാഷ്‌ട്രപതിയായ ഹാമിദ് അൻസാരി, രാജ്യസഭാധ്യക്ഷന്റെ പ്രവർത്തനം പരമാവധി ജനാധിപത്യപരമാക്കുന്നത് എങ്ങനെയെന്നാണ് ആലോചിച്ചത്. തന്റെ അധികാരം ഉപയോഗിച്ച് എടുക്കാവുന്ന തീരുമാനങ്ങൾപോലും അഭിപ്രായ ഐക്യത്തിലൂടെയാവട്ടെയെന്ന പക്ഷക്കാരനായിരുന്നു ഹാമിദ് അൻസാരിയെന്ന് ഏതാനും വർഷം ഒരുമിച്ചു പ്രവർത്തിച്ച രാജ്യസഭാ ഉപാധ്യക്ഷൻ പി.ജെ.കുര്യൻ പറയുന്നു.

ശൂന്യവേളയിൽ ഉന്നയിക്കാൻ അനുവദിക്കാവുന്ന വിഷയങ്ങളുടെ കാര്യത്തിൽപോലും അദ്ദേഹം കക്ഷിനേതാക്കളുടെ അഭിപ്രായം തേടി. ബഹളങ്ങൾമൂലം ചോദ്യോത്തരവേള സ്‌ഥിരം ഒഴിവാക്കപ്പെടുന്ന പതിവ് അവസാനിപ്പിക്കണമെന്ന ഹാമിദ് അൻസാരിയുടെ നിശ്‌ചയദാർഢ്യത്തെയും കുര്യൻ പ്രകീർത്തിക്കുന്നു: ചോദ്യോത്തരവേള ഇല്ലാതാകുമ്പോൾ ഓരോ ചോദ്യത്തിനും ഉത്തരം തയാറാക്കാൻ ചെലവാക്കുന്ന സമയത്തിനു പിന്നിലെ ധനനഷ്‌ടം അദ്ദേഹം എടുത്തുപറഞ്ഞു. എന്നിട്ടാണ്, സഭ തുടങ്ങുമ്പോൾ വേണ്ട, 12 മണിക്കു മതി ചോദ്യോത്തരവേള എന്ന് അദ്ദേഹം വ്യക്‌തമാക്കുന്നത്. ആ തീരുമാനത്തിന്റെ മെച്ചം ഇപ്പോൾ വ്യക്‌തവുമാണ്.

ശൂന്യവേളയിൽ ദീർഘപ്രഭാഷണങ്ങൾ അനുവദിക്കുന്നതു ചില നേതാക്കൾ സഭാതലം കയ്യടക്കുന്നതിനു കാരണമാകുന്നുവെന്നു വിലയിരുത്തിയ ഹാമിദ് അൻസാരി, പ്രസംഗം പരമാവധി മൂന്നു മിനിറ്റ് എന്ന നിർദേശം മുന്നോട്ടുവച്ചു. ബഹളത്തിനിടെ ബില്ലുകൾ പാസാക്കാൻ പാടില്ലെന്നായിരുന്നു ഹാമിദ് അൻസാരിയുടെ തീരുമാനം. അതിനെ സർക്കാർ എതിർത്തെങ്കിലും അധ്യക്ഷൻ വഴങ്ങിയില്ല. എന്നാൽ, 2011 ഡിസംബർ 29നു ലോക്‌പാൽ ബിൽ വോട്ടിനിടുന്നതിനു മുൻപു രാത്രി 12നു സഭ നിർത്താൻ അധ്യക്ഷനെടുത്ത തീരുമാനത്തെ പ്രതിപക്ഷം കുറച്ചൊന്നുമല്ല വിമർശിച്ചത്.

സർക്കാരിനുവേണ്ടിയുള്ള നടപടിയെന്നായിരുന്നു ആക്ഷേപം. എന്നാൽ, ഡിസംബർ 29 വരെ സഭ വിളിച്ചുകൂട്ടാനാണു രാഷ്‌ട്രപതി തീരുമാനിച്ചതെങ്കിൽ, ആ തീരുമാനം പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്ന ബോധ്യമാണ് അദ്ദേഹത്തെ നയിച്ചത്. സഭയുടെ കീഴ്‌വഴക്കങ്ങളും മര്യാദകളും പാലിക്കാത്തതിനു പ്രധാനമന്ത്രിയെത്തന്നെ അധ്യക്ഷൻ വിമർശിക്കുന്നതും രാജ്യസഭയിൽ കണ്ടു. 

ദേശസ്‌നേഹവുമായി ബന്ധപ്പെടുത്തി തനിക്കും കുടുംബത്തിനുമെതിരെ രാഷ്‌ട്രീയതലത്തിൽ ആരോപണങ്ങളുയർന്നപ്പോൾ, പിന്തുണയുമായി ഹാമിദ് അൻസാരി ധൈര്യം പകർന്നതു സിപിഐയുടെ ഡി.രാജ എടുത്തുപറയും.

2012ൽ ഹാമിദ് അൻസാരി രാഷ്‌ട്രപതിയാകുമായിരുന്നു. പക്ഷേ, യുപിഎ സർക്കാർ അന്നോർത്തത് അദ്ദേഹത്തെ ഉപരാഷ്‌ട്രപതിയാക്കുകയെന്ന നിർദേശം 2007ൽ ഉണ്ടായത് ഇടതുപക്ഷത്തുനിന്നാണല്ലോ എന്നാണ്. എങ്കിലും അദ്ദേഹം ഉപരാഷ്‌ട്രപതിയായി തുടരട്ടെയെന്നു തീരുമാനിക്കുമ്പോൾ സർക്കാർ കണക്കിലെടുത്തത് ഹാമിദ് അൻസാരിക്കു മതനിരപേക്ഷ മൂല്യങ്ങളോടുള്ള പ്രതിബദ്ധതയാണ്.

കഴിഞ്ഞ ഏപ്രിലിൽ ഹാമിദ് അൻസാരിയുടെ 80–ാം പിറന്നാളിനു കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഒത്തുകൂടി. ആ എൺപതിലെ ഓരോ പത്തു വർഷത്തെക്കുറിച്ചും അക്കാലമറിയുന്ന ഓരോരുത്തർ പറയട്ടെയെന്നതു മകളുടെ ആശയമായിരുന്നു. കഴിഞ്ഞ 10 വർഷം വിലയിരുത്തിക്കൊണ്ടു സീതാറാം യച്ചൂരി ഉറുദുവിലെ രണ്ടു വരികൾ ചൊല്ലി: ‘‘എത്ര നിമിഷം ജീവിച്ചുവെന്നു ചോദിക്കരുത്; ഓരോ നിമിഷവും എത്ര ജീവസ്സുറ്റതെന്നു ചോദിക്കണം.’’ ജീവസ്സുറ്റ നിമിഷങ്ങളുടെ 10 വർഷമാണു ഹാമിദ് അൻസാരി ഇന്നു പൂർത്തിയാക്കുന്നത്.