Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യാത്രയയപ്പു പ്രസംഗം: മോദിക്കെതിരെ വിമർശനവുമായി അൻസാരി

Hamid Ansari, Narendra Modi

ന്യൂഡൽഹി∙ തന്റെ യാത്രയയപ്പു ചടങ്ങിൽ മോദി പ്രസംഗിച്ചതു കീഴ്‌‍വഴക്കം തെറ്റിച്ചുകൊണ്ടെന്ന് മുൻ ഉപരാഷ്ട്രപതി ഹാമിദ് അൻസാരി. ‘ഡെയ്‌ർ ഐ ക്വെസ്റ്റ്യൻ?’ എന്ന പുതിയ പുസ്തകത്തിലാണു പ്രധാനമന്ത്രിയെ അൻസാരി വിമർശിച്ചത്.

ഒരു വർഷം മുൻപ്, ഉപരാഷ്ട്രപതിയായും രാജ്യസഭാ അധ്യക്ഷനായും കാലാവധി പൂർത്തിയാക്കിയ ഹാമിദ് അൻസാരിക്കു യാത്രയയപ്പു നൽകിയ ചടങ്ങിൽ, പ്രശംസാവാക്കുകൾ ചൊരിഞ്ഞെങ്കിലും അൻസാരിക്കെതിരെ മുനവച്ച ചില പരാമർശങ്ങൾ മോദി നടത്തിയിരുന്നു. ഉപരാഷ്ട്രപതിയായിരിക്കെ അവസാനമായി നൽകിയ അഭിമുഖത്തിൽ, രാജ്യത്തെ മുസ്‌ലിംകൾ അസ്വസ്ഥരാണെന്ന് അൻസാരി പറഞ്ഞതിനെ സൂചിപ്പിച്ചായിരുന്നു മോദിയുടെ വാക്കുകൾ.

മുസ്‌ലിം ഭൂരി‌പക്ഷ രാജ്യങ്ങളിൽ നയതന്ത്ര പ്രതിനിധിയായി ജോലിനോക്കിയതിന്റെയും ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചതിന്റെയും ഫലമായിട്ടാണ് അൻസാരി അങ്ങനെ പറഞ്ഞതെന്നായിരുന്നു പ്രധാനമന്ത്രി അഭിപ്രായപ്പെട്ടത്.

ഉപരാഷ്ട്രപതിയായുള്ള അവസാനത്തെ കൊല്ലം മുതൽ കഴിഞ്ഞ ഏതാനും മാസങ്ങൾ വരെയുള്ള കാലഘട്ടത്തിൽ അൻസാരി നടത്തിയ പ്രഭാഷണങ്ങളുടെയും രചനകളുടെയും സമാഹാരമാണ് ‘ഡെയ്‌ർ ഐ ക്വെസ്റ്റ്യൻ? – റിഫ്ലക്‌ഷെൻസ് ഓൺ കണ്ടംപററി ചാലഞ്ചസ്’.