രാത്രിയിൽ സ്ത്രീസുരക്ഷ എങ്ങനെ: കിരൺ ബേദി സ്കൂട്ടറിലിറങ്ങി

കിരൺ ബേദി പുതുച്ചേരിയിൽ നടത്തിയ രാത്രിയാത്ര. ട്വിറ്ററിൽ അവർ പങ്കുവച്ച ചിത്രം.

പുതുച്ചേരി∙ നഗരത്തിൽ രാത്രിയിൽ സ്ത്രീകൾ സുരക്ഷിതരാണോ എന്നറിയാൻ പുതുച്ചേരി ലഫ്. ഗവർണർ കിരൺ ബേദിയുടെ സ്കൂട്ടർ യാത്ര. രാജ്നിവാസ് ഉദ്യോഗസ്ഥ ഓടിച്ച സ്കൂട്ടറിനു പിന്നിൽ ദുപ്പട്ട കൊണ്ടു തലമൂടിയായിരുന്നു കിരൺ ബേദിയുടെ യാത്ര. ചിത്രങ്ങൾ പ്രചരിച്ചതിനു പിന്നാലെ, ഹെൽമറ്റ് ധരിക്കാതെയുള്ള യാത്രയ്ക്കെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനമുയരുകയും ചെയ്തു. 

‘രാത്രിയിലും പുതുച്ചേരി സ്ത്രീകൾക്കു സുരക്ഷിതമാണ്. ഇത്തരം പരിശോധനകൾ ഇനിയും തുടരും’ – വെള്ളിയാഴ്ച പുലർച്ചെ കിരൺ ബേദി ട്വീറ്റ് ചെയ്തതിനു മറുപടിയായാണു വിമർശന ട്വീറ്റുകൾ നിറഞ്ഞത്. അങ്ങനെ യാത്ര ചെയ്യാൻ ആലോചിച്ചു തന്നെ തീരുമാനിക്കുകയായിരുന്നുവെന്നും രണ്ടു സ്ത്രീകൾ ഹെൽമറ്റില്ലാതെ സ്കൂട്ടറിൽ പോകുമ്പോൾ ആളുകൾ അവരെ എങ്ങനെ കാണുമെന്നു മനസ്സിലാക്കുകയായിരുന്നു ലക്ഷ്യമെന്നും ബേദി ട്വിറ്ററിൽ വിശദീകരിച്ചു.

മുൻ ഐപിഎസ് ഉദ്യോഗസ്ഥ സ്വന്തം തെറ്റിനെ ന്യായീകരിക്കുകയാണെന്നും ഹെൽമറ്റ് ധരിക്കാത്തതിനു പൊലീസ് പിടിച്ചാൽ താനും കിരൺ ബേദി പറഞ്ഞ ന്യായീകരണം പറയുമെന്നും ചിലർ പ്രതികരിച്ചു.

രാത്രിയാത്രയ്ക്കു ശേഷം പൊലീസ് ഉദ്യോഗസ്ഥർക്കു ചില നിർദേശങ്ങളും കിരൺ ബേദി നൽകിയിട്ടുണ്ട്. യാത്രയ്ക്കിടെ ഒരിടത്തും പൊലീസ് ഉദ്യോഗസ്ഥരെ കണ്ടില്ലെന്നും സുരക്ഷ ഉറപ്പാക്കാൻ രാത്രിയിലും കാവൽ ശക്തമാക്കണമെന്നും അവർ ആവശ്യപ്പെട്ടു.