Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശുചിമുറിയില്ലെങ്കിൽ അരിയില്ല; വിവാദമായതോടെ ഉത്തരവ് പിൻവലിച്ച് ബേദി

Kiran Bedi കിരൺ ബേദി (ഫയൽ ചിത്രം)

പുതുച്ചേരി∙ ശുചിമുറി സൗകര്യം ഒരുക്കാത്തവർക്ക് സൗജന്യ റേഷൻ അരി തടഞ്ഞുകൊണ്ടുള്ള വിവാദ ഉത്തരവ് പുതുച്ചേരി ലഫ്റ്റ്നന്റ് ഗവർണർ കിരൺ ബേദി മരവിപ്പിച്ചു. ഉത്തരവ് വിവാദമായതിനു പിന്നാലെയാണ് നടപടി. മേയ് 31ന് അകം എല്ലാ വീടുകളിലും ശുചിമുറി സൗകര്യം ഒരുക്കുകയും ഗ്രാമങ്ങളിൽ ശുചീകരണ പ്രവൃത്തി നടത്തുകയും ചെയ്തില്ലെങ്കിൽ സൗജന്യ അരി വിതരണം നിർത്തുമെന്നായിരുന്നു കിരൺ ബേദിയുടെ പ്രഖ്യാപനം. എംഎൽഎ, പഞ്ചായത്ത് ഉദ്യോഗസ്ഥർ എന്നിവർ നേരിട്ടെത്തി സാക്ഷ്യപ്പെടുത്തിയ ശേഷം മാത്രമേ പിന്നീട് ആനൂകൂല്യങ്ങൾ പുനഃസ്ഥാപിക്കൂ എന്നും അവർ വ്യക്തമാക്കിയിരുന്നു.

ഇതോടെ, പാവപ്പെട്ട ജനങ്ങളെ അപമാനിക്കാനാണ് ഗവർണറിന്റെ ശ്രമമെന്ന് വിമർശനമുയർത്തി അണ്ണാ ഡിഎംകെ എംഎൽഎ എ.അൻപളകൻ‌ രംഗത്തെത്തി. നഗരങ്ങൾ ശുചിയാക്കാൻ സ്വകാര്യ കമ്പനികൾക്കു കോടികളാണ് നൽകുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഗ്രാമങ്ങളിലും ഇതേ പദ്ധതി കൊണ്ടുവരുന്നതിൽ സർക്കാർ‌ പരാജയപ്പെടുകയാണ്. ഗ്രാമങ്ങളിലെ പ്രശ്നങ്ങൾക്ക് ഭരണതലത്തിലുള്ളവരാണ് കുറ്റക്കാരെന്നും അദ്ദേഹം വിമർശിച്ചു.

വിമർശനം കടുത്തതോടെ ബേദി നിലപാട് മയപ്പെടുത്തി. ജൂൺ അവസാനത്തോടെ പൊതുസ്ഥലത്തെ മലമൂത്ര വിസർജ്ജനത്തിൽനിന്ന് പുതുച്ചേരിയെ മുക്തമാക്കണമെന്ന് മാത്രമാണ് ഈ നിർദ്ദേശത്തിലൂടെ ഉദ്ദേശിച്ചതെന്ന് അവർ വ്യക്തമാക്കി. എന്നാൽ, എന്റെ ഉത്തരവ് തെറ്റായാണ് വ്യാഖ്യാനിച്ചത്. അതുകൊണ്ടുതന്നെ മെച്ചപ്പെട്ട സൗകര്യങ്ങളൊരുക്കാനും പരിസരം ശുചിയാക്കാനും ജനങ്ങൾക്ക് കൂടുതൽ സമയം അനുവദിക്കുകയാണ്. നേരത്തെ പറഞ്ഞ കാര്യങ്ങളെല്ലാം അതുവരെ മരവിപ്പിക്കുന്നു – ബേദി ട്വിറ്ററിൽ കുറിച്ചു.

തുറസായ സ്ഥലങ്ങളിൽ മലമൂത്ര വിസർജനം നടത്തുന്നതിനെയും റേഷൻ വിതരണത്തെയും ബന്ധിപ്പിക്കാൻ ശ്രമിച്ചതു പാവപ്പെട്ടവർക്ക് അർഹതപ്പെട്ട ആനുകൂല്യങ്ങൾ നിഷേധിക്കാനല്ല. എല്ലാ കുടുംബങ്ങള്‍ക്കും ഏറ്റവും മികച്ച ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്നതിനാണ് ശ്രമിക്കുന്നത്. ഗ്രാമപ്രദേശങ്ങളിലെ ആരോഗ്യ പ്രശ്നങ്ങളുടെ മൂലകാരണം കണ്ടെത്തി അതിനെ നേരിടാനാണ് ശ്രമിച്ചത്. പാവങ്ങൾക്കു നിയമപ്രകാരം കിട്ടാനുള്ളതെല്ലാം കിട്ടുമെന്നും കിരൺ ബേദി പറഞ്ഞു.

നേരത്തെ, കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിൽ ശുചീകരണപ്രവർത്തനങ്ങളിലുള്ള മെല്ലെപ്പോക്കിനെ കിരൺ ബേദി ശക്തമായ ഭാഷയിൽ വിമർശിച്ചിരുന്നു.