ക്ഷേമപദ്ധതികൾക്ക് ആധാർ: ഡിസംബർ 31 വരെ സമയം

ന്യൂഡൽഹി ∙ ക്ഷേമപദ്ധതികളുടെ ആനുകൂല്യം ലഭിക്കുന്നതിന് ആധാർ നമ്പർ നൽകാനുള്ള സമയപരിധി ഡിസംബർ 31 വരെ നീട്ടുമെന്നു കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ വ്യക്‌തമാക്കി.  ക്ഷേമ പദ്ധതികളെ ആധാറുമായി ബന്ധിപ്പിക്കുന്നതു ചോദ്യംചെയ്‌തും സ്വകാര്യതയ്‌ക്കുള്ള മൗലികാവകാശത്തിന്റെ ലംഘനം ആരോപിച്ചുമുള്ള ഹർജികൾ നവംബർ ആദ്യവാരം പരിഗണിക്കാൻ സുപ്രീം കോടതി തീരുമാനിച്ചു.

ആധാർ പദ്ധതി സ്വകാര്യതയുടെ ലംഘനമാണെന്നും 17 ക്ഷേമ പദ്ധതികൾക്ക് ആധാർ നിർബന്ധമാക്കുന്നത് ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുന്ന സ്‌ഥിതിയുണ്ടാക്കുമെന്നും ചൂണ്ടിക്കാട്ടി ജസ്‌റ്റിസ് കെ.എസ്.പുട്ടസ്വാമി, ബാലാവകാശ പ്രവർത്തക ശാന്ത സിൻഹ, ഫെമിനിസ്‌റ്റ് കല്യാണി സെൻ മേനോൻ തുടങ്ങിയവർ നൽകിയ ഹർജികളാണു കോടതിയുടെ പരിഗണനയിലുള്ളത്.

ഈ ഹർജികൾ  കഴിഞ്ഞ ജുലൈ 12നു പരിഗണിച്ചപ്പോഴാണു സ്വകാര്യത മൗലികാവകാശമാണോയെന്നതു ഭരണഘടനാ ബെഞ്ച് പരിശോധിക്കണമെന്നു മൂന്നംഗ ബെഞ്ച് വ്യക്‌തമാക്കിയത്. സ്വകാര്യത മൗലികാവകാശം തന്നെയെന്ന് ഒൻപതംഗ ബെഞ്ച് കഴിഞ്ഞ 24നു വിധിച്ചു.