ഫെബ്രുവരിക്കകം ആധാറുമായി ബന്ധിപ്പിക്കാത്ത സിം റദ്ദാക്കും

ന്യൂഡൽഹി∙ അടുത്ത ഫെബ്രുവരിക്കകം ആധാറുമായി ബന്ധിപ്പിക്കാത്ത മൊബൈൽ സിം കാർഡുകൾ റദ്ദാക്കും. കഴിഞ്ഞ ഫെബ്രുവരിയിലാണു സിം കാർഡുകൾ ആധാറുമായി ബന്ധിപ്പിക്കണമെന്നു സുപ്രീം കോടതി ഉത്തരവിട്ടത്. രാജ്യസുരക്ഷ ഉറപ്പാക്കാൻ ഒരുവർഷത്തിനുള്ളിൽ ഇതു നടപ്പാക്കണമെന്നായിരുന്നു ഉത്തരവ്.

മൊബൈൽ കമ്പനികൾ ശേഖരിക്കുന്ന ബയോമെട്രിക് വിവരങ്ങൾ ഉടൻ യുഐഡിഎഐക്കു കൈമാറണം. ഇല്ലെങ്കിൽ, കമ്പനികൾക്കെതിരെ നിയമനടപടിയുണ്ടാകും. 2016ലെ ആധാർ നിയമം അനുസരിച്ചു മൂന്നുവർഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണിത്.