നരോദ ഗാം കൂട്ടക്കൊല: മായയെ പിന്തുണച്ച് അമിത് ഷായുടെ മൊഴി

അഹമ്മദാബാദ് ∙ 2002 ഗുജറാത്ത് കലാപത്തിലെ നരോദ ഗാം കൂട്ടക്കൊലക്കേസിൽ ബിജെപി മുൻമന്ത്രി മായാ കോദ്നാനിക്ക് അനുകൂലമായി പ്രത്യേക വിചാരണക്കോടതിയിൽ ദേശീയ അധ്യക്ഷൻ അമിത് ഷായുടെ മൊഴി. കലാപം നടന്ന ഫെബ്രുവരി 28നു രാവിലെ നിയമസഭയിലും പിന്നീടു സിവിൽ ആശുപത്രിയിലും അവരുടെ ഒപ്പമുണ്ടായിരുന്നതായും എന്നാൽ പിന്നീട് അവർ എങ്ങോട്ടുപോയെന്ന് അറിയില്ലെന്നുമാണു ഷായുടെ മൊഴി.

നിയമസഭയിൽ നിന്ന് ആശുപത്രിയിലെത്തുന്ന ഇടനേരത്ത് അവരെവിടെയായിരുന്നെന്നോ എത്ര മണിക്കാണ് ആശുപത്രിയിലെത്തിയതെന്നോ അറിയില്ലെന്നും ഷാ വ്യക്തമാക്കി. രാവിലെ എട്ടരയ്ക്കു നിയമസഭയിൽ തങ്ങൾ ഒരുമിച്ചുണ്ടായിരുന്നെന്നും ഒൻപതരയോടെ ഗാന്ധിനഗർ സോല സിവിൽ ആശുപത്രിയിലേക്കു താൻ പോകുകയായിരുന്നെന്നും ഡോക്ടർ കൂടിയായ മായയെ അവിടെ വച്ചും കണ്ടെന്നുമാണു ഷാ വെളിപ്പെടുത്തിയത്. തലേന്നു ഗോധ്രയിൽ ട്രെയിനിൽ തീർഥാടകരെ തീവച്ചുകൊന്ന സംഭവത്തിലെ ഇരകളെ സോല സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്നു സംഘർഷസാധ്യത കണക്കിലെടുത്തു മായയെയും തന്നെയും ഒരുമിച്ചു പൊലീസ് വാഹനത്തിൽ സുരക്ഷിത സ്ഥലത്തേക്കു മാറ്റുകയായിരുന്നു. ക്ഷോഭിച്ച ജനക്കൂട്ടം ആശുപത്രി പരിസരത്ത് ഒത്തുകൂടിയതിനെ തുടർന്നായിരുന്നു ഇത്.

മായ ഹാജരാക്കിയ ഒരു അറ്റൻഡൻസ് റജിസ്റ്ററിലെ ഒപ്പ് അവരുടേതു തന്നെയാണോയെന്നു തനിക്ക് അറിയില്ലെന്നും ഷാ വ്യക്തമാക്കി. 11 പേർ കൊല്ലപ്പെട നരോദ ഗാം കേസിൽ 56–ാം പ്രതിയാണു മായ. കലാപം നടന്ന സമയത്തു താൻ അവിടെയുണ്ടായിരുന്നില്ല എന്ന എതിർതെളിവിനു (അലീബി) സാക്ഷികളായി അമിത് ഷായെയും മറ്റു 13 പേരെയും കോടതിയിൽ വിളിച്ചുവരുത്തി തെളിവെടുക്കണമെന്നു ക്രിമിനൽ നടപടിച്ചട്ടം 233(3) പ്രകാരം മായാ കോദ്നാനി നൽകിയ അപേക്ഷ അനുവദിച്ചാണു പ്രത്യേക കോടതി ജഡ്ജി പി.ബി.ദേശായി ഷായെ വിസ്തരിച്ചത്.

ഭർത്താവു സുരേന്ദ്ര കോദ്നാനി, അമ്രിഷ് ഗോവിന്ദ് പട്ടേൽ, ഡോക്ടർമാരായ ധവൽ രജനികാന്ത് ഷാ, അനിൽ ഛദ്ദ, ആശുപത്രി ജീവനക്കാരി ജെസുബെൻ തുടങ്ങി തെളിവെടുക്കണമെന്നു മായ ആവശ്യപ്പെട്ടിരുന്ന മറ്റു 13 പേരുടെയും വിസ്താരം നേരത്തേ പൂർത്തിയായിരുന്നു. കോടതിക്കു മുന്നിൽ ഹാജരാകാൻ വൈകിയതിനാൽ ഷായെ ഇന്നലെ കോടതി വിളിച്ചുവരുത്തുകായിരുന്നു. 97 പേരെ കൂട്ടക്കൊല ചെയ്ത നരോദ പാട്യ കലാപക്കേസിൽ മായാ കോദ്നാനി 28 വർഷത്തെ തടവിനു ശിക്ഷിക്കപ്പെട്ടിരുന്നു. എന്നാൽ ആരോഗ്യ കാരണങ്ങളാൽ, രണ്ടുവർഷത്തെ ജയിൽവാസത്തിനു ശേഷം 2014 ജൂലൈയിൽ ഹൈക്കോടതിയിൽ നിന്നു സ്ഥിരം ജാമ്യം നേടി.