ജോലി ഉഴപ്പി, യോഗി ഇടപെട്ടു; സ്റ്റേഷനിലെ 133 പൊലീസുകാരെ ഒന്നടങ്കം മാറ്റി

ഗാസിയാബാദ് ∙ കൃത്യവിലോപത്തിന് ഒരു പൊലീസ് സ്റ്റേഷനിലെ എല്ലാവരെയും ഒന്നടങ്കം മാറ്റി. 14 വയസ്സുകാരിയെ കാണാതായതുമായി ബന്ധപ്പെട്ട കേസ് അന്വേഷണത്തിലെ വീഴ്ചയ്ക്കാണു മോദി നഗർ സ്റ്റേഷനിലെ 133 ജീവനക്കാരെയും സ്ഥലം മാറ്റിയത്. സ്റ്റേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനെ നേരത്തേ സ്ഥലംമാറ്റുകയും മറ്റൊരു ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.

അതിനു പിന്നാലെയാണ് അഞ്ച് എസ്ഐമാർ ഉൾപ്പെടെ മുഴുവൻ പേർക്കെതിരെയും ശിക്ഷാനടപടി വന്നത്. ഈ മാസം നാലിനു കാണാതായ 14 വയസ്സുകാരിയുടെ മൃതദേഹം ഭോജിപുരിൽനിന്നു പത്തു ദിവസത്തിനു ശേഷം കണ്ടെത്തിയിരുന്നു. കേസ് അന്വേഷണത്തിൽ പൊലീസ് ഗുരുതര അലംഭാവം കാട്ടിയെന്ന ബന്ധുക്കളുടെ ആരോപണത്തെ തുടർന്നാണു നടപടി. സ്ഥലം എംഎൽഎ ബിജെപിയിലെ മഞ്ജു സിവാക് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സന്ദർശിച്ചു സ്റ്റേഷനെതിരെ പരാതിപ്പെട്ടിരുന്നു. കോൺഗ്രസും പരാതി നൽകി.