ട്രെയിനിലെ ഭക്ഷണ പായ്ക്കറ്റിൽ ഇനി എല്ലാ വിവരവും

ന്യൂഡൽഹി ∙ ട്രെയിനുകളിൽ ഭക്ഷണം നൽകുമ്പോൾ അതിന്റെ അളവ്, തയാറാക്കിയ തീയതി, കോൺട്രാക്ടറുടെ പേര്, സസ്യഭക്ഷണമോ സസ്യേതര ഭക്ഷണമോ എന്നതിന്റെ അടയാളം തുടങ്ങിയവ രേഖപ്പെടുത്തിയിരിക്കണമെന്നു റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ നിർദേശിച്ചു. ഇപ്പോൾ ഭക്ഷണ പായ്ക്കറ്റിൽ സസ്യഭക്ഷണമോ സസ്യേതര ഭക്ഷണമോ എന്നു മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ.

നിർദേശം ഉടൻ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് എല്ലാ സോൺ മേധാവികൾക്കും റെയിൽവേ ബോർഡ് കത്തയച്ചിട്ടുണ്ട്. അധികവില ഈടാക്കുന്നതിനെതിരെ നടപടിയെടുക്കാൻ നേരത്തേ നിർദേശം നൽകിയിരുന്നു. ട്രെയിനുകളിൽ കിട്ടുന്ന ഭക്ഷണത്തെക്കുറിച്ചു സിഎജി റിപ്പോർട്ടിൽ കടുത്ത വിമർശനം ഉയർന്നതിനെ തുടർന്നാണു നടപടി.