പനീർസെൽവം പക്ഷത്തെ അയോഗ്യരാക്കാതിരുന്നത് എന്തുകൊണ്ടെന്നു കോടതി

ചെന്നൈ ∙ ഫെബ്രുവരിയിലെ വിശ്വാസ വോട്ടെടുപ്പിൽ എടപ്പാടി പളനിസാമി സർക്കാരിനെതിരെ വോട്ട് ചെയ്ത ഒ.പനീർസെൽവം ഉൾപ്പെടെ 12 അണ്ണാ ഡിഎംകെ എംഎൽഎമാരെ അയോഗ്യരാക്കാതിരുന്നത് എന്തുകൊണ്ടെന്നു ഹൈക്കോടതി.

കൂറുമാറ്റ നിരോധന നിയമപ്രകാരം ഇവരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ സമർപ്പിച്ച ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ ചോദ്യം. കേസ് ഇനി പരിഗണിക്കുന്ന ഈ മാസം പന്ത്രണ്ടിനകം സ്പീക്കർ മറുപടി നൽകണം.

അതിനിടെ, 18 ദിനകര പക്ഷ എംഎൽഎമാരെ അയോഗ്യരാക്കിയ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ തുടർവാദം മദ്രാസ് ഹൈക്കോടതി ഒൻപതിലേക്കു മാറ്റി. എംഎൽഎമാരുടെ മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പിന് ഏർപ്പെടുത്തിയ സ്റ്റേ തുടരും.