ലിംഗസമത്വം: തല കുനിക്കണം ഇന്ത്യ; 21 പടി പിന്നാക്കം പോയി 108–ാം സ്ഥാനത്ത്

ജനീവ ∙ സ്ത്രീപുരുഷ സമത്വത്തിലേക്കു രാജ്യം അനുദിനം അടുത്തുകൊണ്ടിരിക്കുകയാണെന്ന വീരവാദം ഇന്ത്യക്കാർ ഉപേക്ഷിക്കേണ്ടി വരും. ലോക സാമ്പത്തിക ഫോറത്തിന്റെ ഈ വർഷത്തെ ലിംഗസമത്വ സൂചികയിൽ ഇന്ത്യ പോയ വർഷത്തെക്കാൾ 21 സ്ഥാനം പിന്നിലായി. 2016ൽ 87–ാം സ്ഥാനത്തുനിന്ന ഇന്ത്യ ഇപ്പോൾ 108–ാം സ്ഥാനത്താണ്.

സാമ്പത്തിക രംഗത്തെ സ്ത്രീപങ്കാളിത്തത്തിൽ വന്ന കുറവും സ്ത്രീകളുടെ കുറഞ്ഞ വേതനനിരക്കുമാണ് ഇന്ത്യയെ പിന്നോട്ടടിച്ചത്. 2006ൽ സാമ്പത്തിക ഫോറം സൂചിക ആദ്യമായി അവതരിപ്പിച്ചു തുടങ്ങിയപ്പോൾ ഇന്ത്യയുടെ സ്ഥാനം ഇത്തവണത്തെക്കാൾ പത്തുപടി മുകളിലായിരുന്നു. അയൽരാജ്യങ്ങളായ ചൈനയും ബംഗ്ലദേശുമൊക്കെ പട്ടികയിൽ ഇന്ത്യയ്ക്കു മുന്നിലാണ്. ആഗോളതലത്തിലും ലിംഗവിവേചനം വർധിച്ചതായാണ് റിപ്പോർട്ട് പറയുന്നത്.

കഴിഞ്ഞ പത്തുവർഷമായി സ്ത്രീ–പുരുഷ വിവേചനം കുറഞ്ഞു വരികയായിരുന്നെങ്കിലും ഈ വർഷം ഇരുവിഭാഗങ്ങളുടെയും സുസ്ഥിതിയുടെ അനുപാതത്തിലെ വിടവ് കൂടിയിട്ടുണ്ട്. ഈ രീതിയിൽ പോയാൽ ലിംഗസമത്വത്തിലേക്കെത്താൻ ഇനിയും നൂറുവർഷമെങ്കിലും വേണ്ടിവരും. ജോലിസ്ഥലത്തു തുല്യ ലിംഗനീതി നിലവിൽ വരാൻ 217 വർഷങ്ങൾ കഴിയണമെന്നാണ് ഇപ്പോഴത്തെ സ്ഥിതി സൂചിപ്പിക്കുന്നത്. 144 രാഷ്ട്രങ്ങളെ ഉൾക്കൊള്ളിച്ച് തയാറാക്കിയ പട്ടികയിൽ ഐസ്‍ലൻഡിനാണ് ഒന്നാം സ്ഥാനം. നോർവേ രണ്ടാമതും ഫിൻലൻഡ് മൂന്നാമതുമെത്തി.