മഴ: ചെന്നൈ സ്തംഭിച്ചു; ദുരിതാശ്വാസ ക്യാംപിൽ ആയിരങ്ങൾ

ചെന്നൈയിൽ പെയ്ത കനത്തമഴയിൽ വെള്ളക്കെട്ടു രൂക്ഷമായ വേളാച്ചേരി ഭാരതിനഗറിൽ നിന്നുള്ള കാഴ്ച. ചിത്രം: മനോരമ

ചെന്നൈ∙ വ്യാഴാഴ്ച രാത്രി ആറു മണിക്കൂറോളം തുടർച്ചയായി പെയ്ത മഴയിൽ ചെന്നൈയിൽ ജനജീവിതം സ്തംഭിച്ചു. ഇന്നലെ പകൽ ആകാശം തെളിഞ്ഞുനിന്നെങ്കിലും രാത്രിമഴയുടെ ആഘാതത്തിൽ നിന്നു കരകയറാനായില്ല. റോഡുകളിലെ വെള്ളക്കെട്ടും താഴ്ന്ന പ്രദേശങ്ങളിലെ വെള്ളപ്പൊക്കവും പ്രളയത്തിന്റെ ആശങ്കയുണർത്തി. വടക്കൻ ചെന്നൈയിലെ വെള്ളക്കെട്ട് ഇന്നലെ രാത്രി വൈകിയും നീക്കാനായില്ല. പ്രളയത്തിൽ മുങ്ങിയ 2015 ഡിസംബറിനു ശേഷം ചെറിയ കാലയളവിൽ ലഭിക്കുന്ന ഏറ്റവും ശക്തമായ മഴയാണിത്. തമിഴ്നാട് ഉപമുഖ്യമന്ത്രി പനീർസെൽവത്തിന്റെയും ഡിഎംകെ അധ്യക്ഷൻ കരുണാനിധിയുടെയും വീടുകളിൽ വെള്ളം കയറി. 

ചെന്നൈ, കാഞ്ചീപുരം ജില്ലകളിൽ മാത്രം ആയിരക്കണക്കിനു കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപുകളിലേക്കു മാറ്റിപ്പാർപ്പിച്ചു. താഴ്ന്ന പ്രദേശങ്ങളിൽ നിന്നു ജനങ്ങളോട് ഒഴിഞ്ഞുപോകാൻ സർക്കാർ നിർദേശം നൽകി. ഇന്നലെ വൈദ്യുതാഘാതമേറ്റു രണ്ടുപേരും വെള്ളക്കെട്ടിൽ വീണ് ഒരാളും മരിച്ചു.ഇന്നും നാളെയും കൂടി കനത്ത മഴ തുടരുമെന്നും തിങ്കളാഴ്ച വരെ ഭേദപ്പെട്ട മഴയുണ്ടാകുമെന്നുമാണു കാലാവസ്ഥാ പ്രവചനം. 

ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു തിങ്കളാഴ്ച വരെ അവധി പ്രഖ്യാപിച്ചു. ഐടി കമ്പനികളുൾപ്പെടെയുള്ള സ്വകാര്യ സ്ഥാപനങ്ങൾ വീട്ടിലിരുന്നു ജോലിചെയ്യാൻ ജീവനക്കാർക്ക് അനുമതി നൽകി. 

വെള്ളക്കെട്ടു രൂപപ്പെട്ട പ്രദേശങ്ങളിൽ വൈദ്യുതാഘാതമേൽക്കാനുള്ള സാധ്യത മുന്നിൽ കണ്ടു വൈദ്യുതിബന്ധം വിച്ഛേദിച്ചിരിക്കുകയാണ്. റെയിൽ, വ്യോമ, മെട്രോ ഗതാഗതത്തെ മഴ സാരമായി ബാധിച്ചില്ല. മഴ തുടരുന്നതിനാൽ, യാത്രക്കാർക്കു മുൻകൂട്ടി ബുക്ക് ചെയ്ത വിമാനം മാറ്റുന്നതിനും റദ്ദാക്കുന്നതിനുമുള്ള പിഴ തൽക്കാലത്തേക്ക് ഒഴിവാക്കുന്നതായി ജെറ്റ് എയർവേയ്സ് അധികൃതർ അറിയിച്ചു.