ഇന്ത്യ സ്വയം നിർമിച്ച ‘തേജസ്’ യുദ്ധവിമാനത്തിന് ശേഷിപോര: വ്യോമസേന

ന്യൂഡൽഹി ∙ മൂന്നു പതിറ്റാണ്ടിലേറെക്കാലംകൊണ്ട് ഇന്ത്യ സ്വന്തമായി വികസിപ്പിച്ചെടുത്ത തേജസ് യുദ്ധവിമാനം ‘കാര്യത്തിനു’ കൊള്ളില്ലെന്നു വ്യോമസേന. പാക്കിസ്ഥാന്റെയും ചൈനയുടെയും ഭീഷണി നേരിടാൻ തേജസ് മതിയാകാതെ വരുമെന്നാണു വ്യോമസേന ചൂണ്ടിക്കാട്ടുന്നത്. സമാനമായ മറ്റു വിമാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ആയുധങ്ങൾ വഹിക്കാനുള്ള ശേഷിക്കുറവ്, കുറഞ്ഞ പറക്കൽ ദൂരം, കൂടിയ അറ്റകുറ്റപ്പണി തുടങ്ങിയ കാരണങ്ങളാണു സേന അക്കമിട്ടു പറയുന്നത്.

‘മെയ്ക്ക് ഇൻ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി വിദേശ കമ്പനികളുടെ വിമാനം ഇന്ത്യയിൽ നിർമിച്ചെടുക്കാനുള്ള നീക്കം ഉപേക്ഷിക്കാനും ഒറ്റ എൻജിൻ യുദ്ധവിമാനങ്ങളുടെ കാര്യത്തിൽ പൂർണമായി തേജസിലേക്കു മാറാനും കേന്ദ്രസർക്കാർ സേനയ്ക്കു നിർദേശം നൽകിയിരുന്നു. സ്വീഡനിലെ സാബ് കമ്പനി നിർമിക്കുന്ന ഗ്രിപൻ, യുഎസിന്റെ എഫ്–16 എന്നിവയാണു ശേഷി തെളിയിച്ച ഒറ്റ എൻജിൻ പോർവിമാനങ്ങൾ. എഫ് 16 വാങ്ങാൻ ഇന്ത്യയുടെമേൽ യുഎസ് കനത്ത സമ്മർദം ചെലുത്തിവരികയുമാണ്. പാക്കിസ്ഥാന് ഈ വിമാനങ്ങളുണ്ട്.

തേജസിന്റെ മെച്ചങ്ങൾ

∙ ചെറുത്

∙ വേഗം

∙ മറ്റു രാജ്യങ്ങൾക്കില്ല

പോരായ്മകൾ

∙ പരിപാലനത്തിനു ചെലവും ആളുകളും കൂടുതൽ വേണം

∙ ഗ്രിപൻ, എഫ് 16 എന്നിവയെ അപേക്ഷിച്ച് ആയുധം വഹിക്കാനുള്ള ശേഷി കുറവ്

∙ ഒറ്റപ്പറക്കലിൽ എത്താൻ കഴിയുന്ന ദൂരപരിധി കുറവ് (മറ്റുള്ള ഒറ്റ എൻജിൻ പോർവിമാനങ്ങൾക്ക് 500 കിലോമീറ്റർ ചുറ്റളവിൽ പറക്കാമെങ്കിൽ, തേജസിന്റെ ശേഷി 300 കിലോമീറ്റർ മാത്രം) (2011

ജനുവരിയിൽ തേജസിന് ആദ്യഘട്ട പ്രവർത്തനാനുമതി ലഭിച്ചപ്പോൾ ചീഫ് ഓഫ് എയർ സ്‌റ്റാഫ് പി.വി.നായിക് അതൃപ്‌തി പ്രകടിപ്പിച്ചിരുന്നു. വിമാനം സജ്‌ജമല്ലാത്തതിനാൽ പറത്താൻ വ്യോമസേനയിൽ ആരെയും അനുവദിക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.)

സർക്കാർനയം

ഇന്ത്യയെ സ്വന്തം നിലയിൽ ആയുധനിർമാണ കേന്ദ്രമാക്കി മാറ്റുക എന്നതാണു സർക്കാർനയം. ഇറക്കുമതി കുറച്ച് ഇവിടെത്തന്നെ യുദ്ധവിമാനങ്ങളും മറ്റും നിർമിക്കണം.

വ്യോമസേനയുടെ ആശങ്ക

പോർവിമാനങ്ങളുടെ പഴക്കം സേനയുടെ ആശങ്കയാണ്. 2019–20ൽ 11 സ്ക്വാഡ്രൺ യുദ്ധവിമാനങ്ങൾ പറക്കൽ നിർത്തും. അതോടെ 22 യുദ്ധവിമാന സ്ക്വാഡ്രണുകളേ ഉണ്ടാകൂ. 16–18 വിമാനങ്ങളാണ് ഒരു സ്ക്വാഡ്രണിലുള്ളത്. പക്കിസ്ഥാന് 24– 27 സ്ക്വാഡ്രണുകളുണ്ട്. ചൈനീസ് നിർമിത ജെ–17 പോർവിമാനങ്ങൾ ഉടൻ പാക്ക് വ്യോമസേനയുടെ ഭാഗമാവുകയും ചെയ്യും. ചൈനയ്ക്കു മൂവായിരത്തോളം യുദ്ധവിമാനങ്ങളുണ്ട്. ഈ പശ്ചാത്തലത്തിൽ, കൂടുതൽ ശേഷിയുള്ള പോർവിമാനങ്ങൾ ഇന്ത്യയ്ക്ക് ഉണ്ടായേപറ്റൂ. ഇതിനു വിദേശരാജ്യങ്ങളെ ആശ്രയിക്കേണ്ടിവരുമെന്നു വ്യോമസേന കരുതുന്നു.

മാരുതിന്റെ പിൻഗാമി

ഇന്ത്യ സ്വന്തമായി നിർമിച്ച ആദ്യ യുദ്ധവിമാനം മാരുത് ആണ്. ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ആയിരുന്നു (എച്ച്എഎൽ) നിർമാണം. രണ്ടാം ലോകമഹായുദ്ധകാലത്തു ജർമൻ പോർവിമാനം നിർമിച്ച കുർത് ടാങ്ക് എന്ന വിദഗ്ധനെ അന്നത്തെ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവാണ് മാരുത് പദ്ധതിക്കായി ഇന്ത്യയിലേക്കു കൊണ്ടുവന്നത്. 1967ൽ ആദ്യ എച്ച്എഫ്–24 മാരുത് വിമാനം വ്യോമസേനയ്ക്കു കൈമാറി. 1971ലെ ബംഗ്ലദേശ് യുദ്ധത്തിൽ രണ്ടു സ്ക്വാഡ്രൺ മാരുത് വിമാനങ്ങൾ പങ്കെടുത്തു. ഒറ്റ വിമാനംപോലും ശത്രുരാജ്യം വെടിവച്ചിട്ടില്ല; ഒന്നിനുപോലും നാശവുമുണ്ടായില്ല. ആകെ 147 മാരുത് വിമാനങ്ങൾ എച്ച്എഎൽ നിർമിച്ചിരുന്നു. 1980കളിൽ മാരുത് വിമാനങ്ങൾ ഡീ കമ്മിഷൻ ചെയ്തു. ശേഷിക്കുറവും ചെലവു കൂടുതലുമായിരുന്നു വിമാനത്തിന്റെ പ്രശ്നങ്ങൾ. സമാനപ്രശ്നങ്ങളാണു തേജസിനും. 1983ലാണ് എച്ച്എഎൽ തേജസ് പദ്ധതിക്കു തുടക്കമിട്ടത്.