ഗുജറാത്ത്: സാമുദായിക പ്രാതിനിധ്യം കാത്ത് ബിജെപിയുടെ ആദ്യപട്ടിക

അഹമ്മദാബാദ് ∙ ആറു മന്ത്രിമാരടക്കം മുപ്പത്തഞ്ചോളം സിറ്റിങ് എംഎൽഎമാർക്കു സീറ്റ് നിഷേധിക്കുമെന്ന അഭ്യൂഹം നിലനിൽക്കെ, ഗുജറാത്ത് തിരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർഥികളുടെ ആദ്യ പട്ടികയിൽ 16 പുതുമുഖങ്ങളും നാലു വനിതകളും. സാമുദായിക വിശാലസഖ്യമെന്ന കോൺഗ്രസ് ഫോർമുലയെ അട്ടിമറിക്കാൻ പ്രമുഖ സമുദായങ്ങൾക്കെല്ലാം അർഹമായ പ്രാതിനിധ്യവും. സ്ഥാനാർഥി നിർണയത്തെച്ചൊല്ലി പാർട്ടിക്കകത്തു കലാപമുണ്ടാവില്ലെന്ന് ഉറപ്പുള്ള മണ്ഡലങ്ങളാണ് എല്ലാം. ഇവരിൽ ഭൂരിപക്ഷവും ജയിച്ചുകയറുമെന്ന ഉറച്ച വിശ്വാസവുമുണ്ട് പാർട്ടിക്ക്.

സിറ്റിങ് മണ്ഡലങ്ങളിൽനിന്നു വീണ്ടും ജനവിധി തേടുന്നതു 49 പേരാണ്. ‘പുതുമുഖ’ങ്ങളിൽ കോൺഗ്രസ് വിട്ടു പുറത്തുവന്ന എംഎൽഎമാരിൽ അഞ്ചു പേരുമുണ്ട്. പട്ടേൽ സമുദായം 17, പിന്നാക്ക സമുദായങ്ങൾ 26, ദലിത് സമുദായങ്ങൾ മൂന്ന്, ആദിവാസി 11 എന്നിങ്ങനെയാണ് ആദ്യപട്ടികയിലെ സാമുദായിക വീതംവയ്പ്. പിന്നാക്കവിഭാഗങ്ങളിൽ തന്നെ ഠാക്കൂർമാർക്കും കോലി സമുദായക്കാർക്കുമാണു മുൻതൂക്കം. വോട്ടർമാരിൽ 18 ശതമാനത്തോളമുള്ള കോലി സമുദായത്തിന് ആറു സ്ഥാനാർഥികൾ. ഠാക്കൂർമാരിൽനിന്ന് ഒൻപത്. പതിനെട്ടു ശതമാനം വരുന്ന പട്ടേൽ സമുദായത്തോടുള്ള തങ്ങളുടെ അനുഭാവനിലപാടാണ് ആദ്യപട്ടികയിൽ തന്നെ 17 സ്ഥാനാർഥികളെ നിശ്ചയിച്ചതു വഴി ബിജെപി വ്യക്തമാക്കിയിട്ടുള്ളത്.

ക്ഷത്രിയ (രജ്പുത്ത്) സമുദായത്തിൽ നിന്ന് എട്ടു സ്ഥാനാർഥികളും ജൈൻ, ബ്രാഹ്മണ സമുദായങ്ങൾക്കു രണ്ടു വീതം സീറ്റുകളും നൽകി. എന്നാൽ, മുസ്‌ലിം സ്ഥാനാർഥികളെ ഒഴിവാക്കി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ആരെയും സ്ഥാനാർഥിയാക്കിയിരുന്നില്ല. കോൺഗ്രസ് പക്ഷത്തേക്കു ചായുന്ന സമുദായങ്ങൾക്കു മതിയായ പ്രാതിനിധ്യം നൽകുന്നതുവഴി, ജിഗ്നേശ് മെവാനി– ഹാർദിക് പട്ടേൽ–അൽപേശ് ഠാക്കൂർ അച്ചുതണ്ടിനെ ക്ഷീണിപ്പിക്കാനുള്ള കരുനീക്കങ്ങളാണ് ആദ്യപട്ടികയിൽ. സൗരാഷ്ട്ര മേഖലയിൽ പട്ടേൽ സ്വാധീനമുള്ള ആദ്യഘട്ട മണ്ഡലങ്ങളിൽ പട്ടേലുകൾക്കു തന്നെയാണു മുൻതൂക്കം.

ഉത്തര ഗുജറാത്തിൽ പട്ടേലുകളിൽനിന്നു തിരിച്ചടി നേരിടുന്ന മെഹ്സന മേഖലയിൽ ഉപമുഖ്യമന്ത്രി നിധിൻ പട്ടേൽ വീണ്ടും മത്സരിക്കും. സ്ഥാനാർഥിപ്പട്ടിക വരുന്നതിനു രണ്ടു ദിവസം മുൻപു മത്സരിക്കാനായി രാജിവച്ച ചോട്ടാ ഉദേപുർ എസ്പിയും ഐപിഎസ് ഉദ്യോഗസ്ഥനുമായ പി.സി. ബരാൻഡ ഭിലോഡ മണ്ഡലത്തിൽ ജനവിധി തേടും. പ്രമുഖ ബിസിനസുകാരൻ ധൻജി പട്ടേൽ വാധ്വാനിൽ മത്സരിക്കും.

പ്രമുഖർ പട്ടികയിൽ

മുഖ്യമന്ത്രി വിജയ് രൂപാണി(രാജ്കോട്ട്–വെസ്റ്റ് ), സംസ്ഥാന അധ്യക്ഷൻ ജിത്തു വഘാണി(ഭാവ്നഗർ–വെസ്റ്റ്) എന്നിവരടക്കമുള്ള പ്രമുഖർ വീണ്ടും ജനവിധി തേടും. ബിജെപിയുടെ കരുത്തന്മാരായ മന്ത്രി ശങ്കർ ചൗധരി(വാവ്), ലേവ പട്ടേൽ നേതാവ് ദിലീപ് സംഘാണി(ധാരി), ലേവ പട്ടേൽ നേതാവ് ബാവ്കു ഉധാഡ്(അമ്റേലി), രാജ്പുത്ത് നേതാവ് ജസാ ബരാദ്(സോമനാഥ്) എന്നിവരും പട്ടികയിലുണ്ട്.