സൈന്യം ആഞ്ഞടിച്ചു; കശ്മീരിൽ ആറു പാക്ക് ഭീകരരെ വധിച്ചു

ശ്രീനഗർ ∙ കശ്മീരിലെ ഭീകര ശൃംഖലയ്ക്കു കനത്ത പ്രഹരമേൽപ്പിച്ചുകൊണ്ടു സൈന്യം ആറു പാക്ക് ഭീകരരെ വധിച്ചു. കൊല്ലപ്പെട്ട കൊടുംഭീകരരിൽ ലഷ്കറെ തയിബയുടെ കമാൻഡർമാരായ സർഗാം, മെഹ്മൂദ് എന്നിവരും ജമാ അത്തുദ്ദവയുടെ ഉപമേധാവി അബ്ദുൽ റഹ്‌മാൻ മക്കിയുടെ മകൻ ഒവൈദും ഉൾപ്പെടുന്നു. പോരാട്ടത്തിൽ വ്യോമസേനയുടെ ഒരു കമാൻഡോ വീരമൃത്യു വരിച്ചു. മറ്റൊരു സൈനികനു പരുക്കേറ്റു.

2008ലെ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്മാരിൽ ഒരാളായ സക്കീർ ഉൾ റഹ്‌മാൻ ലഖ്‌വിയുടെ അനന്തരവൻ കൂടിയാണു ഒവൈദ്. ലഖ്‌വിയുടെ മറ്റൊരു അനന്തരവൻ അബു മുസൈബ് ജനുവരി 19ന് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. സൈന്യത്തിനു നേരെ ഒട്ടേറെ ആക്രമണങ്ങൾക്കു നേതൃത്വംനൽകിയ സർഗാമിനെയും മെഹ്മൂദിനെയും വളരെ നാളായി തിരഞ്ഞുവരികയായിരുന്നു. വടക്കൻ കശ്മീരിലെ ബന്ദിപ്പുര ജില്ലയിൽ ചന്ദേർഗീർ ഗ്രാമത്തിലാണു സൈന്യവും ഭീകരസംഘവും ഏറ്റുമുട്ടിയത്.

വെള്ളിയാഴ്ച വൈകിട്ടു തുടങ്ങിയ തിരച്ചിലിനിടെ ഭീകരസംഘം വെടിയുതിർത്തു. വീരമൃത്യു വരിച്ച സൈനികന്റെ വിവരങ്ങൾ അറിവായിട്ടില്ല. കഴിഞ്ഞമാസവും വ്യോമസേനാ കമാൻഡോ വിഭാഗമായ ഗരുഡിലെ രണ്ടു സൈനികർ ഭീകരരുമായുള്ള പോരാട്ടത്തിൽ വീരമൃത്യു വരിച്ചിരുന്നു. ആറു പാക്ക് ഭീകരരെ വധിക്കാൻ കഴിഞ്ഞതു വലിയ വിജയമാണെന്നു ജമ്മു–കശ്മീർ പൊലീസ് മേധാവി എസ്പി വൈദ് പറഞ്ഞു. കശ്മീരിൽ ഈ വർഷം ഇതുവരെ 170 ഭീകരരെ വധിച്ചു.