Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കശ്മീരിൽ ഐഎസ് സാന്നിധ്യം ഇല്ലെന്നു സർക്കാർ

ന്യൂഡൽഹി ∙ കശ്മീരിൽ ഐഎസ് എന്ന ഭീകരസംഘടനയുടെ സാന്നിധ്യമുള്ളതായി ആധികാരിക വിവരമില്ലെന്നു കേന്ദ്ര സർക്കാർ. എന്നാൽ, ഐഎസിനെപ്പോലെ തീവ്രനിലപാടുള്ള തെഹി‌രീക് ഉൽ മുജാഹിദീൻ എന്ന സംഘടനയുടെ പുനഃപ്രവേശം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഈ സംഘടനയും ഐഎസുമായും ബന്ധമില്ലെന്നും ആഭ്യന്തരമന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഇവർക്ക് അംഗബലവും ആയുധശേഷിയും കുറവാണ്. പാക്കിസ്ഥാൻ ആസ്ഥാനമായുള്ള ലഷ്കറെ തയിബയും ഹിസ്ബുൽ മുജാഹിദീനും നിലവിൽവരുന്നതിനു മുൻപ് 1990കളിൽ ഉണ്ടായ സംഘടനയാണിത്.

ശ്രീനഗറിൽ ഭീകരരുമായി ഈയിടെ നടന്ന ഏറ്റുമുട്ടലിൽ സബ് ഇൻസ്പെക്ടർ ഇമ്റാൻ തഖ് കൊല്ലപ്പെട്ടതിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തതാണ് ഐഎസ് സാന്നിധ്യം ഉണ്ടെന്ന പ്രചാരണത്തിനു പിന്നിൽ. ഈ ഏറ്റുമുട്ടലിൽ മുഗീസ് എന്ന ഭീകരനെ സുരക്ഷാസേന വധിച്ചിരുന്നു. ഐഎസ് പതാകയുടെ പശ്ചാത്തലത്തിൽ മുഗീസ് നിൽക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പ്രചരിച്ചിരുന്നു. മൃതദേഹവും ഐഎസ് പതാകയിലാണു പൊതിഞ്ഞിരുന്നത്. എന്നാൽ മുഗീസ് ഐഎസുകാരനല്ല, തെഹി‌രീക് ഉൽ മുജാഹിദീന്റെ പുൽവാമ ജില്ലാ കമാൻഡറായിരുന്നെന്നു സർക്കാർ വ്യക്തമാക്കി. ഐഎസ് സാന്നിധ്യം കശ്മീർ പൊലീസും നിഷേധിച്ചു. ഇതുവരെ 190 ഭീകരരെ വധിച്ചുവെന്നും ഇതോടെ സംസ്ഥാനത്തെ സ്ഥിതിഗതികൾ മെച്ചപ്പെട്ടിട്ടുണ്ടെന്നും അധികൃതർ അവകാശപ്പെട്ടു.