Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്ലാസ്റ്റിക്കിനെതിരെ കൈകോർത്ത് ചെന്നൈ കടലോര മാതൃക

chennai-beach ചെന്നൈ കോവളം കടപ്പുറത്ത് അടിഞ്ഞ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ.

ചെന്നൈ ∙ ഏതാനും വർഷമായി മൽസ്യലഭ്യത കുറയുന്നതിന്റെ കാരണമന്വേഷിക്കുന്നതിനിടെയാണു ചെന്നൈ കോവളം നിവാസികളുമായി ഈ മേഖലയിലെ ഒരു ഗവേഷകൻ ഞെട്ടിപ്പിക്കുന്ന വസ്തുത പങ്കുവച്ചത് – ചത്തു കരയ്ക്കടിഞ്ഞ സ്രാവിന്റെ വയറ്റിൽ കണ്ടത് അൻപതു കിലോയിലധികം പ്ലാസ്റ്റിക്! കടലിൽ തള്ളുന്ന പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ മൂലം മൽസ്യസമ്പത്തു കുറയുന്നതായും സ്വന്തം ഉപജീവനത്തെയാണ് ഇതു ബാധിക്കുന്നതെന്നും മനസ്സിലായതോടെ സന്നദ്ധപ്രവർത്തർക്കൊപ്പം ശുചീകരണ ദൗത്യത്തിൽ അണിചേർന്ന് അവർ പുതിയ മാതൃക സൃഷ്ടിച്ചു.

തീരത്തും പരിസരങ്ങളിലുമായി ചെറിയ തോതിൽ ആരംഭിച്ച ശുചീകരണ പ്രവർത്തനങ്ങളിൽ ആയിരത്തിലേറെപ്പേരാണ് ഇപ്പോൾ അണിചേർന്നിട്ടുള്ളത്. കടലിൽ വന്നുചേരുന്ന നദികളും നഗരത്തിൽനിന്നുള്ള അഴുക്കുചാലുകളുമാണു മാലിന്യങ്ങളുടെ ഉറവിടമെന്നു കണ്ടെത്തിയതോടെ ഈ ദിശയിലേക്കും ശുചീകരണദൗത്യത്തിന്റെ വ്യാപ്തി വർധിച്ചു. ചെന്നൈ, തിരുവള്ളൂർ ജില്ലകളിലെ മൽസ്യത്തൊഴിലാളി സംഘടനയായ ചെന്നൈ–തിരുവള്ളൂർ ഡിസ്ട്രിക്ട് പ്രോഗ്രസീവ് ഫിഷർമെൻ അസോസിയേഷന്റെ കീഴിൽ എല്ലാ വാരാന്ത്യത്തിലും തീരം വൃത്തിയാക്കുന്നു.

രണ്ടു ടൺ പ്ലാസ്റ്റിക്, തെർമോക്കോൾ അവശിഷ്ടങ്ങൾ, പ്ലാസ്റ്റിക് കുപ്പികൾ, ഒരു ടൺ പ്ലാസ്റ്റിക് മീൻവല അവശിഷ്ടങ്ങൾ തുടങ്ങിയവ ഇവിടെ നിന്നു നീക്കംചെയ്തതായി സന്നദ്ധ പ്രവർത്തകർ പറയുന്നു. വലയുടെ അവശിഷ്ടങ്ങളും മീൻ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന തെർമോക്കോൾ പെട്ടികളുടെ ഭാഗങ്ങളും കടലിൽ തള്ളരുതെന്നു ബോധവൽക്കരിക്കുന്നുണ്ടെന്ന് ഇന്ത്യൻ ഫിഷർമെൻ അസോസിയേഷൻസ് പ്രസിഡന്റ് എം.ഡി.ദയാളൻ പറഞ്ഞു. ബോധവൽക്കരണത്തിന് എന്നൂർ എക്സ്പ്രസ്‌വേയിലെ തീരദേശ പാതയിൽ 10 കിലോമീറ്റർ മാരത്തൺ സംഘടിപ്പിക്കാനുള്ള തയാറെടുപ്പിലാണു മൽസ്യത്തൊഴിലാളികൾ ഇപ്പോൾ.