രാജ്യാന്തര കോടതി: നാടകീയതയ്ക്കൊടുവിൽ ഇന്ത്യയ്ക്കു ജയം

ദൽവീർ ഭണ്ഡാരി

ന്യൂയോർക്ക് ∙ ഹേഗ് ആസ്ഥാനമായ രാജ്യാന്തര കോടതി (ഐസിജെ) ജഡ്ജി സ്ഥാനത്തേക്കുള്ള പോരാട്ടത്തിൽ ഇന്ത്യൻ വിജയം. ഇന്ത്യക്കാരനായ ദൽവീർ ഭണ്ഡാരി തിരഞ്ഞെടുക്കപ്പെട്ടതായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ട്വീറ്റ് ചെയ്തു. മത്സരരംഗത്തുണ്ടായിരുന്ന ബ്രിട്ടന്റെ ക്രിസ്റ്റഫർ ഗ്രീൻവുഡ് അവസാനനിമിഷം നാടകീയമായി പിന്മാറിയതോടെയാണ് ഭണ്ഡാരിയുടെ വിജയം ഉറപ്പായത്. സ്ഥാനാർഥിയെ പിൻവലിക്കേണ്ടിവന്നതു ബ്രിട്ടനേറ്റ കനത്ത തിരിച്ചടിയാണെന്ന് ഇംഗ്ലിഷ് മാധ്യമങ്ങൾ വിമർശിച്ചു. 1945ൽ രൂപീകൃതമായ രാജ്യാന്തര കോടതിയിൽ ചരിത്രത്തിൽ ആദ്യമായാണ് ബ്രിട്ടന് ജഡ്ജിയില്ലാതാവുന്നത്. നേരത്തേ, 11 വട്ടവും യുഎൻ പൊതുസഭയിൽ വോട്ടെടുപ്പു നടന്നപ്പോൾ ഇന്ത്യയ്ക്കു വ്യക്തമായ ഭൂരിപക്ഷമുണ്ടായിരുന്നു.

രാജ്യാന്തര കോടതി

രാജ്യങ്ങൾ തമ്മിലുള്ള തർക്കങ്ങൾ പരിഗണിക്കുന്ന, ഐക്യരാഷ്ട്ര സംഘടനയുടെ സംവിധാനമാണു രാജ്യാന്തര നീതിന്യായ കോടതി (ഐസിജെ). ഹേഗാണ് ആസ്ഥാനം. കുൽഭൂഷൺ ജാദവിന്റെ വധശിക്ഷ സംബന്ധിച്ച് ഇന്ത്യ – പാക്കിസ്ഥാൻ തർക്കം ഇപ്പോൾ കോടതിയുടെ പരിഗണനയിലുണ്ട്. വിവിധ യുഎൻ സമിതികൾക്കും ഏജൻസികൾക്കും അവർ ആവശ്യപ്പെടുമ്പോൾ കോടതി നിയമോപദേശം നൽകുന്നു. ആകെ 15 ജഡ്ജിമാർ. മൂന്നു വർഷത്തിലൊരിക്കൽ മൂന്നിലൊന്ന് അംഗങ്ങൾ വിരമിക്കും. അതേവർഷം തന്നെ തിരഞ്ഞെടുപ്പും നടത്തും. അതായത്, മൂന്നു വർഷം കൂടുമ്പോൾ പുതിയ അഞ്ചു ജഡ്ജിമാർ തിരഞ്ഞെടുക്കപ്പെടും. നിലവിലുള്ളവർക്കു വീണ്ടും മത്സരിക്കാം.