കശ്മീരിൽ സൈനികനു വീരമൃത്യു; മൂന്നു ഭീകരരെ വധിച്ചു

കശ്മീരിലെ ഹന്ദ്വാര മേഖലയിൽ ലഷ്കറെ തയിബ ഭീകരരിൽ നിന്ന് പിടിച്ചെടുത്ത ആയുധങ്ങൾ സൈനികർ പ്രദർശിപ്പിക്കുന്നു.

ശ്രീനഗർ ∙ ജമ്മു കശ്മീരിൽ ഭീകരാക്രമണങ്ങളിൽ സൈനികനു വീരമൃത്യു. രണ്ടിടത്തുണ്ടായ ഏറ്റുമുട്ടലുകളിൽ സുരക്ഷാസൈനികർ മൂന്നു ഭീകരരെ വധിച്ചു. രണ്ടു സൈനികർക്കു പരുക്കേറ്റിട്ടുമുണ്ട്. രാവിലെ ഹന്ദ്വാര മേഖലയിലുണ്ടായ ഏറ്റുമുട്ടലിലാണു മൂന്നു ലഷ്കറെ തയിബ ഭീകരരെ വധിച്ചത്. വടക്കൻ കശ്മീരിലെ കുപ്‌വാര ജില്ലയിൽ ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ചു ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിൽ സുരക്ഷാ സൈനികർ തിരച്ചിൽ നടത്തുന്നതിനിടയിൽ ഭീകരർ പൊടുന്നനെ വെടിവയ്ക്കുകയായിരുന്നു. ഉച്ചയ്ക്കുശേഷം കുപ്‌വാര ജില്ലയിൽ തന്നെ സിർഹാമയിൽ ഭീകരരും സൈനികരും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് സൈനികനു ജീവൻ നഷ്ടമായത്.