ആഞ്ഞടിച്ച് ശത്രുഘ്നൻ: കേന്ദ്ര സർക്കാർ ‘ഏകാംഗ സൈന്യം’; ബിജെപി ‘രണ്ടാൾ പ്രകടനം’

പുതിയ സൗഹൃദങ്ങൾ: ശത്രുഘ്നൻ സിൻഹ പ്രതിപക്ഷ നേതാക്കളായ ജെഡിയുവിന്റെ ശരത് യാദവിനും സിപിഎമ്മിന്റെ സീതാറാം യെച്ചൂരിക്കുമൊപ്പം ന്യൂഡൽഹിയിൽ പുസ്തകപ്രകാശനച്ചടങ്ങിൽ. ചിത്രം: പിടിഐ

ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി എംപി ശത്രുഘ്നൻ സിൻഹ രംഗത്തെത്തി. കേന്ദ്ര സർക്കാർ ‘ഏകാംഗ സൈന്യ’മാണെന്നും ബിജെപി ‘രണ്ടാൾ പ്രകടനം’ ആണെന്നും ചലച്ചിത്രതാരം പരിഹസിച്ചു. ചലച്ചിത്രതാരമായ താൻ ചരക്ക്, സേവന നികുതിയെയും നോട്ട് അസാധുവാക്കലിനെയും കുറിച്ചു സംസാരിക്കുന്നതിനെ പരിഹസിക്കുന്നവർക്കു മറുപടിയായി ശത്രുഘ്നൻ മോദിക്കും അരുൺ ജയ്റ്റ്ലിക്കും സ്മൃതി ഇറാനിക്കുമെതിരെ ആഞ്ഞടിച്ചു.

‘വക്കീലിനു ധനമന്ത്രിയും ടിവി നടിക്കു മാനവശേഷി മന്ത്രിയും ചായക്കച്ചവടക്കാരനു പ്രധാനമന്ത്രിയും ആകാമെങ്കിൽ എന്തുകൊണ്ടെനിക്ക് ഈ വിഷയങ്ങളെക്കുറിച്ചു സംസാരിക്കാനാകില്ല?’ ശത്രുഘ്നൻ ചോദിച്ചു. ബിജെപി അധ്യക്ഷൻ അമിത് ഷായ്ക്കെതിരെയും ശത്രുഘ്നൻ ഒളിയമ്പെയ്തു. ‘ബുദ്ധിജീവികളും, എന്തിന്, ജഡ്ജിമാർവരെ കൊല്ലപ്പെടുകയാണിപ്പോൾ’. കേന്ദ്രമന്ത്രിമാർ വെറും സ്തുതിപാഠക സംഘമാണെന്നും 90% മന്ത്രിമാരെയും ജനങ്ങൾക്ക് അറിയില്ലെന്നും ശത്രുഘ്നൻ പറഞ്ഞു.

എന്തെങ്കിലും സൃഷ്ടിക്കാനല്ല, അതിജീവിക്കാൻ മാത്രമാണു കേന്ദ്രമന്ത്രിമാരുടെ ശ്രമം. ഒരു വ്യക്തിയെ പിന്തുണയ്ക്കാൻ തയാറല്ലാത്തവരെയെല്ലാം രാജ്യദ്രോഹികളായി ചിത്രീകരിക്കുന്ന അന്തരീക്ഷമാണു രാജ്യത്തുള്ളത്. ഞാൻ ജീവിക്കുകയുമില്ല, മറ്റുള്ളവരെ ജീവിക്കാൻ അനുവദിക്കുകയുമില്ലെന്നതാണു നിലവിലെ അവസ്ഥ. കേന്ദ്രമന്ത്രിസഭയിൽ ഇടം ലഭിക്കാത്തതിനാലാണു താൻ വിമതസ്വരം ഉയർത്തുന്നതെന്ന വിമർശനം ശത്രുഘ്നൻ തള്ളിക്കളഞ്ഞു.

അത്തരം പ്രതീക്ഷകളൊന്നും തനിക്കില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജനതാദൾ (യു) വിമത എംപി അലി അൻവറിനെക്കുറിച്ചുള്ള പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു ശത്രുഘ്നൻ. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി, ജനതാദൾ (യു) വിമത വിഭാഗം നേതാവ് ശരദ് യാദവ് എന്നിവരും സന്നിഹിതരായിരുന്ന വേദിയിലാണു ശത്രുഘ്നൻ സിൻഹ ആഞ്ഞടിച്ചത്.