പനീര്‍സെൽവം–പളനിസാമി തർക്കം: സ്ഥാനാർഥി നിർണയം കീറാമുട്ടി

ചെന്നൈ ∙ അണ്ണാഡിഎംകെ ഔദ്യോഗിക വിഭാഗത്തിൽ എടപ്പാടി പളനിസാമി പക്ഷവും ഒ.പനീർസെൽവം പക്ഷവും തമ്മിലുള്ള തർക്കം മുറുകുന്നു. ജയലളിതയുടെ ഒന്നാം ചരമവാർഷികം ആചരിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചയ്ക്കായി തിരുപ്പൂരിൽ ചേർന്ന യോഗത്തിൽ ഇരുപക്ഷവും ഏറ്റുമുട്ടലിന്റെ വക്കോളമെത്തി. ഇതോടെ ആര്‍കെ നഗറിലെ സ്ഥാനാര്‍ഥിനിര്‍ണയം കൂടുതല്‍ കടുപ്പമാകുമെന്നു വ്യക്തമായി. 

പനീർസെൽവം പക്ഷക്കാരനായ ഇ.മധുസൂദനനെ ആർകെ നഗറിൽ സ്ഥാനാർഥിയായി പ്രഖ്യാപിച്ചില്ലെങ്കിൽ  പ്രശ്നങ്ങൾ കൂടുതൽ രൂക്ഷമായേക്കും. അല്ലെങ്കിൽ ഇരുപക്ഷത്തിനും സ്വീകാര്യനായ പൊതുസ്ഥാനാർഥിയെ കണ്ടെത്തേണ്ടിവരും. ഇന്നു സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്നാണു വിവരം. 

ഇരുപക്ഷവും ഒന്നായശേഷവും ചില പ്രവർത്തകർ പനീർസെൽവത്തെക്കുറിച്ചു തെറ്റായ കാര്യങ്ങൾ പറഞ്ഞുപരത്തുന്നുവെന്നു ചിലര്‍ ആരോപിച്ചതാണു തിരുപ്പൂരിലെ ബഹളത്തിന്റെ തുടക്കം. പ്രവർത്തകർ ഒരുമിച്ചുനിന്നതുകൊണ്ടാണു രണ്ടില ചിഹ്നം തിരിയെ ലഭിച്ചതെന്നും ഇതേ ഒരുമയോടെ മുന്നോട്ടു പോകണമെന്നും പനീർസെൽവം പിന്നാലെ ട്വിറ്ററിൽ കുറിച്ചു. അതിനിടെ, അണ്ണാഡിഎംകെയിലെ പ്രശ്നങ്ങളെ വിമർശിച്ചു ബിജെപി സംസ്ഥാന അധ്യക്ഷ തമിഴിസൈ സൗന്ദർരാജൻ രംഗത്തുവന്നു.