വ്യാജ ഏറ്റുമുട്ടൽ കേസ്: അമിത് ഷായ്ക്കെതിരെ യശ്വന്ത് സിൻഹ

ന്യൂഡൽഹി ∙ ഗുജറാത്തിലെ സൊഹ്റാബുദീൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ കേസിൽ സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ പുതിയ അന്വേഷണം വേണമെന്നു മുതിർന്ന ബിജെപി നേതാവ് യശ്വന്ത് സിൻഹ ആവശ്യപ്പെട്ടു.

ബിജെപി അധ്യക്ഷൻ അമിത് ഷാ പ്രതിയായിരുന്ന കേസിൽ തുടക്കം മുതൽ ഒത്തുതീർപ്പുകൾ ഉണ്ടായിട്ടുള്ളതായി സംശയിക്കണം. ആദ്യം വാദംകേട്ട ജഡ്ജി ദുരൂഹസാഹചര്യത്തിൽ മരിച്ചതും ഈ ജ‍ഡ്ജിക്കു ബോംബെ ഹൈക്കോടതിയിലെ മുൻ ചീഫ് ജസ്റ്റിസ് 100 കോടിരൂപ കോഴ വാഗ്ദാനം ചെയ്തു എന്ന ആരോപണവും അതീവ ഗൗരവമുള്ളതാണ്. കേസുമായി ബന്ധപ്പെട്ട് ഉയർന്നിട്ടുള്ള സംശയങ്ങളും ആരോപണങ്ങളും ദൂരീകരിക്കാനുള്ള ബാധ്യത ജുഡീഷ്യറിക്കുണ്ട്– യശ്വന്ത് സിൻഹ മനോരമ ന്യൂസിനോടു പറഞ്ഞു. 

സൊഹ്റാബുദീൻ ഷെയ്ഖിനെയും ഭാര്യ കൗസർബിയെയും 2005 നവംബറിൽ ഗുജറാത്ത് പൊലീസിന്റെ ഭീകരവിരുദ്ധ സംഘം വ്യാജ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയെന്നാണു കേസ്. അന്നു ഗുജറാത്തിലെ ആഭ്യന്തര സഹമന്ത്രിയായിരുന്നു അമിത് ഷാ.