കച്ചവടം പൊട്ടിയത് മാന്ദ്യംമൂലം: മല്യ

ലണ്ടൻ ∙ ഇന്ത്യയിലെ ബാങ്കുകളിൽനിന്ന് 9000 കോടി വായ്പയെടുത്തശേഷം തിരിച്ചടയ്ക്കാതെ ബ്രിട്ടനിൽ പ്രവാസിയായി കഴിയുന്ന മദ്യവ്യവസായി വിജയ് മല്യയെ വിട്ടുകിട്ടാനുള്ള കേസിന്റെ വിചാരണയിൽ ബാങ്കിങ് രംഗത്തെ വിദഗ്ധനെ ഹാജരാക്കി പ്രതിഭാഗം. വായ്പ തിരിച്ചടയ്ക്കാതിരുന്നതു വഞ്ചനയോ, ചതിയോ അല്ലെന്നും ബിസിനസിലെ മാന്ദ്യം മൂലം സംഭവിച്ചതാണെന്നുമുള്ള മല്യയുടെ വാദം സാധൂകരിക്കുന്നതിനാണു പോൾ റെക്സ് എന്ന ബാങ്കിങ് വിദഗ്ധനെ ഹാജരാക്കിയത്.

മല്യയുടെ കിങ്ഫിഷർ എയർലൈൻസ് ബാങ്കുകളിൽനിന്നെടുത്ത വായ്പ തിരിച്ചടയ്ക്കാതിരുന്നത് എയർലൈൻസ് രംഗത്തുണ്ടായ സവിശേഷ സാഹചര്യം മൂലമാണെന്നും തന്റെ കക്ഷി തട്ടിപ്പൊന്നും നടത്തിയിട്ടില്ലെന്നും മല്യയുടെ അഭിഭാഷക ക്ലെയർ മോണ്ട്ഗോമറി വാദിച്ചു. വായ്പ തിരിച്ചടയ്ക്കാൻ മല്യ മനഃപൂർവം താൽപര്യപ്പെടുന്നില്ലെന്ന ഇന്ത്യാ സർക്കാരിനു വേണ്ടിയുള്ള ക്രൗൺ പ്രോസിക്യൂഷൻ സർവീസിന്റെ വാദത്തെ അവർ ഖണ്ഡിച്ചു.

ഇതു പരിഗണിച്ച് ബാങ്കുകൾ തന്റെ കക്ഷിയെ തുണയ്ക്കുകയാണു വേണ്ടതെന്നും അവർ വാദിച്ചു. മല്യ തട്ടിപ്പു നടത്തിയതിന് ഒരൊറ്റ തെളിവു പോലുമില്ലെന്നും അവർ പറഞ്ഞു. കേസ് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നു മല്യ ആരോപിച്ചിരുന്നു.