രാജസ്ഥാൻ കൊലപാതകം: ദൃശ്യം പകർത്തിയ ബന്ധുവും പിടിയിൽ

മുഹമ്മദ് അഫ്റസൂൽ, ശംഭുലാൽ റൈഗർ

ജയ്പുർ ∙ രാജസ്ഥാനിലെ രാജസമന്ദ് ജില്ലയിൽ ബംഗാളിത്തൊഴിലാളിയെ അടിച്ചുവീഴ്ത്തിയ ശേഷം ജീവനോടെ കത്തിച്ച കേസിലെ പ്രതി ശംഭുലാൽ റൈഗറെ കോടതി മൂന്നു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ബംഗാളിത്തൊഴിലാളി മുഹമ്മദ് അഫ്റസൂലിനെ (48) കൊലപ്പെടുത്തുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിലൂടെ പ്രതി പ്രചരിപ്പിച്ചിരുന്നു. പ്രണയം നടിച്ചു മതപരിവർത്തനത്തിനു ശ്രമിക്കുന്നവർക്കുള്ള മുന്നറിയിപ്പ് എന്ന അറിയിപ്പോടെയാണു വിഡിയോ പ്രചരിപ്പിച്ചത്.

ദൃശ്യങ്ങൾ പകർത്തിയ റൈഗറുടെ ബന്ധുവായ വിദ്യാർഥിയും കസ്റ്റഡിയിലായി. പ്രായപൂർത്തിയാകാത്ത പ്രതിയെ ജുവനൈൽ ഹോമിലേക്കു മാറ്റി. മുഹമ്മദ് അഫ്റസൂലിന്റെ കുടുംബത്തിനു മൂന്നു ലക്ഷം രൂപ സഹായം നൽകുമെന്നു ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അറിയിച്ചു. കുടുംബത്തിലെ ഒരാൾക്കു സർക്കാർ ജോലി നൽകും. നിർധന കുടുംബത്തിനു വേണ്ട മറ്റു സഹായങ്ങളും ചെയ്യുമെന്നും മന്ത്രിമാർ ഉൾപ്പെട്ട സംഘം ഇന്നു മുഹമ്മദിന്റെ വീടു സന്ദർശിക്കുമെന്നും മമത അറിയിച്ചു.