റെയിൽവേ: അവശ്യവിഭാഗം ജീവനക്കാരെ വിന്യസിക്കുന്നതിൽ ചട്ടലംഘനം

ന്യൂഡൽഹി ∙ ട്രെയിൻ ജീവനക്കാരിൽ 25% പേരെയും ജോലിക്കു നിയോഗിക്കുന്നതു ചട്ടങ്ങൾക്കു വിരുദ്ധമായാണെന്നു റെയിൽവേ ബോർഡിന്റെ കണ്ടെത്തൽ. ചട്ടലംഘനമുണ്ടാവുന്നില്ലെന്ന് ഉറപ്പു വരുത്താൻ ബോർഡ് മേഖലാ ഓഫിസുകൾക്കു നിർദേശം നൽകി. റെയിൽവേയുടെ പക്കലുള്ള 89,000 പേരുടെ ‘ക്രൂ മാനേജ്മെന്റ് സിറ്റം ഡേറ്റ ബേസി’ൽനിന്നാണു മേഖലാ ഓഫിസുകൾ ജീവനക്കാർക്കു ഡ്യൂട്ടി നൽകുന്നത്.

ലോക്കോ പൈലറ്റുമാർ, അസി. ലോക്കോ പൈലറ്റുമാർ, ഗാർഡുകൾ തുടങ്ങി അടിസ്ഥാന ജോലികൾ നിർവഹിക്കേണ്ടവരാണ് ഇതിലുള്ളത്. ചട്ടപ്രകാരം തിരഞ്ഞെടുക്കുന്നതിനു പുറമേ ലഭ്യമായവരെ ആവശ്യാനുസരണം തിരഞ്ഞെടുക്കുകയുമാവാം. ലഭ്യമായവരെ ആവശ്യാനുസരണം തിരഞ്ഞെടുക്കുമ്പോൾ ആരോഗ്യശേഷിയും കാര്യക്ഷമതയും ഉൾപ്പെടെ പല ഘടകങ്ങളും അവഗണിക്കാറുണ്ട്.

ഇതു സുരക്ഷിതത്വത്തിനു ഭീഷണിയാകുമെന്നാണു റെയിൽവേ ബോർഡിന്റെ ആശങ്ക. ഭാവിയിൽ ചട്ടപ്രകാരം എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്നുവെന്ന് ഉറപ്പാക്കി മാത്രമേ ഡ്യൂട്ടി നിശ്ചയിക്കാവൂ എന്നാണു ബോർഡിന്റെ നിർദേശം. വിശ്രമമില്ലാതെ തുടർച്ചയായി പല ഷിഫ്റ്റുകൾ ജോലി ചെയ്യേണ്ടിവരുന്നത് ‌ഇടയ്ക്കിടെ ജീവനക്കാരുടെ പ്രതിഷേധത്തിനു കാരണമാകാറുണ്ട്.

റെയിൽവേ: എസ്എംഎസ് മികച്ച സേവനമെന്നു വിലയിരുത്തൽ

ന്യൂഡൽഹി ∙ പ്രീമിയം ട്രെയിനുകൾ വൈകിയോടുന്ന വിവരം ജനങ്ങളെ അറിയിക്കുന്നതിന് എസ്എംഎസ് സേവനം തുടങ്ങിയശേഷം റെയിൽവേ, യാത്രക്കാർക്കു നൽകിയതു 33 ലക്ഷം സന്ദേശങ്ങൾ. രാജധാനി, ശതാബ്ദി, തേജസ്, ഗതിമാൻ എക്സ്പ്രസുകൾ ഒരു മണിക്കൂറിലേറെ വൈകിയോടിയാലാണു സന്ദേശം നൽകുക. നവംബർ മൂന്നിനാണു സേവനം തുടങ്ങിയത്.

പ്ലാറ്റ്ഫോമുകളിലെയും സ്റ്റേഷനുകളിലെയും തിരക്കു നിയന്ത്രിക്കാൻ ഇതു സഹായകമായെന്നാണു വിലയിരുത്തൽ. ഇതോടെ തുരന്തോ, തേജസ് തുടങ്ങി കൂടുതൽ ട്രെയിനുകളിലേക്കു സേവനം വ്യാപിപ്പിക്കാൻ റയിൽവേ തയാറെടുക്കുകയാണ്. സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസ് (ക്രിസ്) ആണു സോഫ്റ്റ്‌വെയർ വികസിപ്പിച്ചത്.