അമർനാഥ് തീർഥാടകരെ ആക്രമിച്ച മൂന്നു ഭീകരരെക്കൂടി വധിച്ചു

ശ്രീനഗർ ∙ കഴിഞ്ഞ ജൂലൈയിൽ അമർനാഥ് തീർഥാടകരെ ആക്രമിച്ച ലഷ്കറെ തയിബ ഭീകരരിൽ മൂന്നുപേരെക്കൂടി ഏറ്റുമുട്ടലിൽ വധിച്ചു. കഴിഞ്ഞ ദിവസം ജമ്മു–ശ്രീനഗർ ദേശീയപാതയിലെ ഖാസിഗണ്ടിൽ സൈനികവാഹനത്തിനു നേരെ ആക്രമണം നടത്തി കടന്നുകളഞ്ഞ സംഘം ഹന്ദ്‌വാരയയിലെ യുനിസൂ ഗ്രാമത്തിൽ ഒളിച്ചിരിപ്പുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്നാണു സുരക്ഷാസേന ഇവിടം വളഞ്ഞത്. പാക്കിസ്ഥാൻകാരായ അബു ഫുർഖാൻ, അബു മവിയ എന്നിവരും കുൽഗാം നിവാസിയായ യാവർ ബസിറുമാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്.

പൊലീസുകാരനിൽ നിന്നു തോക്കു തട്ടിയെടുത്ത് ഒളിവിൽപോയ ബസിർ കഴിഞ്ഞ ഫെബ്രുവരിയിലാണു ലഷ്കറെ തയിബയിൽ ചേർന്നത്. അമർനാഥ് തീർഥാടകരെ ആക്രമിക്കാൻ നേതൃത്വം കൊടുത്ത അബു ഇസ്മയിൽ കൊല്ലപ്പെട്ടതിനെ തുടർന്നു ദക്ഷിണ കശ്മീർ ലഷ്കർ മേധാവിയായി സ്ഥാനമേറ്റ ഫുർഖാൻ അനന്ത്നാഗ്, കുൽഗാം മേഖലകളിൽ ഒട്ടേറെ ഭീകരാക്രമണങ്ങൾ നടത്തിയിട്ടുണ്ട്.

ഏറ്റുമുട്ടൽ സ്ഥലത്തുനിന്നു കടന്നുകളഞ്ഞ ഭീകരൻ ഹംസപോറ നിവാസി റഷീദ് അഹമ്മദ് അല്ലായി അനന്ത്നാഗ് ജില്ലയിലെ ആശുപത്രിയിൽനിന്നു പിന്നീട് അറസ്റ്റിലായി. ഇതിനിടെ, ഷോപ്പിയാൻ ജില്ലയിൽ ജമ്മു കശ്മീർ ബാങ്കിന്റെ വാഹനത്തിനുനേരെ ഭീകരർ നടത്തിയ വെടിവയ്പിൽ രണ്ടു കാവൽക്കാർ കൊല്ലപ്പെട്ടു. താരിഖ് അഹമ്മദ്, മുഷ്താഖ് അഹമ്മദ് എന്നിവരാണു കൊല്ലപ്പെട്ടത്.