Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലഷ്കർ ചീഫ് കമാൻഡർ നവീദ് ജാട്ടിനെ സൈന്യം വെടിവച്ചു കൊന്നു

Naveed-Jatt നവീദ് ജാട്ട് (ഫയൽ ചിത്രം)

ശ്രീനഗർ ∙ കശ്മീരിലെ പ്രമുഖ പത്രപ്രവർത്തകൻ ഷുജാത് ബുഖാരിയെ കൊലപ്പെടുത്തിയ ലഷ്കർ ഭീകരൻ നവീദ് ജാട്ടിനെ സൈന്യം വധിച്ചു. കശ്മീരിലെ ലഷ്കർ ചീഫ് കമാൻഡറും പാക്ക് പൗരനുമായ കൊടുംഭീകരനെ ബഡ്ഗാം ജില്ലയിലുണ്ടായ ഏറ്റുമുട്ടലിലാണ് വധിച്ചത്. ഇയാളുടെ ഒരു സഹായിയും കൊല്ലപ്പെട്ടു. 3 സൈനികർക്കു പരുക്കേറ്റിട്ടുണ്ട്. 

കശ്മീരിലെ ഭീകരപ്രവർത്തനത്തിനെതിരായ പോരാട്ടത്തിൽ സൈന്യം നേടിയ നിർണായക വിജയമാണിത്. ഫെബ്രുവരി 6 ന് പൊലീസ് കസ്റ്റഡിയിൽനിന്നു രക്ഷപ്പെട്ട നവീദ് ഉൾപ്പെട്ട സംഘമാണ് ജൂൺ 14 നു ബുഖാരിയെ വെടിവച്ചു കൊന്നത്. നഗരത്തിലെ ആശുപത്രിയിൽ പരിശോധനയ്ക്കു കൊണ്ടുപോയപ്പോൾ 2 പൊലീസുകാരെ വധിച്ച ശേഷമാണ് ഫെബ്രുവരിയിൽ ഇയാൾ കടന്നുകളഞ്ഞത്. ഇതിനു മുൻപ് 6 തവണ വിവിധസേനാ വിഭാഗങ്ങളുടെ പിടിയിൽനിന്ന് നവീദ് രക്ഷപ്പെട്ടിട്ടുണ്ട്. 

നവീദിന്റെ മൃതദേഹം ഏറ്റുവാങ്ങാൻ പാക്കിസ്ഥാനോട് ആവശ്യപ്പെടണമെന്നു നിർദേശിച്ച് കശ്മീർ പൊലീസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തെഴുതും. മുൻകരുതൽ നടപടിയെന്ന നിലയിൽ ബഡ്ഗാമിൽ ഇന്റർനെറ്റ് സേവനം റദ്ദാക്കി.