കശ്മീരിൽ മഞ്ഞുമലയിടിഞ്ഞ് 5 സൈനികരെ കാണാതായി

കശ്മീർ താഴ്‌വരയിൽ മഞ്ഞു വീഴ്ച ശക്തമായപ്പോൾ.

ശ്രീനഗർ ∙ കശ്മീരിലെ ഗുറെസ്, നൗഗം സെക്ടറുകളിൽ നിയന്ത്രണരേഖയിൽ മഞ്ഞുമലയിടിഞ്ഞ് അഞ്ചു സൈനികരെ കാണാതായി. സംസ്ഥാനത്തെങ്ങും കനത്ത മഞ്ഞുവീഴ്ചയ്ക്കൊപ്പം മഴകൂടിയെത്തിയതോടെ ജനജീവിതം ദുസ്സഹമായി. ജമ്മു–ശ്രീനഗർ ദേശീയപാത അടച്ചു. കുപ്‍വാര ജില്ലയിലെ നൗഗമിൽ രണ്ടുപേരെയും ബന്ദിപ്പോറ ജില്ലയിലെ ഗുറെസിലെ കൻസൽവാൻ സബ് സെക്ടറിൽ മൂന്നുപേരെയുമാണ് പട്രോളിങ്ങിനിടെ മഞ്ഞുമലയിടിഞ്ഞു കാണാതായത്.

സൈന്യത്തിലെ ഒരു പോർട്ടറെ ഗുറേസിലെ തുലെയ്ലിൽ മഞ്ഞുമലയിടിച്ചിലിൽ കഴിഞ്ഞ ദിവസം കാണാതായിരുന്നു. ജമ്മു–ശ്രീനഗർ ദേശീയപാതയിൽ പത്തിയാലിൽ മണ്ണിടിച്ചിലുണ്ടായി. ജവാഹർ തുരങ്കം, പത്‍നിടോപ്, റംബാൻ പ്രദേശങ്ങളിൽ കനത്ത മഞ്ഞുവീഴ്ചയുണ്ട്. സുരക്ഷാ മുൻകരുതലായാണു രണ്ടാം ദിവസവും ഗതാഗതം നിർത്തിവച്ചത്. കനത്ത മഴയിലും മലയിടിച്ചിലിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒറ്റപ്പെട്ടുപോയ 70 പേരെ സൈന്യം രക്ഷപ്പെടുത്തി.

ജമ്മുവിലെ പൂഞ്ച്–രജൗറി ജില്ലകളെ ദക്ഷിണ കശ്മീരുമായി ബന്ധിപ്പിക്കുന്ന മുഗൾ റോഡിൽ കനത്ത മഞ്ഞുവീഴ്ച മൂലം ഗതാഗതം അസാധ്യമായി. വൈഷ്ണോദേവി ക്ഷേത്രത്തിലേക്കുള്ള ഹെലിക്കോപ്റ്റർ, ബാറ്ററി കാർ സർവീസുകൾ നിർത്തിവച്ചു. ജമ്മുവിൽ ഇന്നലെ പകൽ താപനില മൈനസ് ഒൻപതായിരുന്നു. നാളെ വരെ കനത്ത മഞ്ഞുവീഴ്ചയും മഴയും തുടരുമെന്നാണു കാലാവസ്ഥാ പ്രവചനം.