വനിതാസംഘത്തിന്റെ പായ്‌വഞ്ചി യാത്ര മൂന്നാം ഘട്ടത്തിലേക്ക്

പായ്‌വഞ്ചിയിൽ ലോകം ചുറ്റുന്ന ഇന്ത്യൻ വനിതാ നാവിക സേനാംഗങ്ങൾ പര്യടനത്തിന്റെ മൂന്നാംഘട്ടത്തിനായി ന്യൂസീലൻഡിൽനിന്നു യാത്ര തിരിച്ചപ്പോൾ. (ഇന്ത്യൻ നാവിക സേനയുടെ വെബ്സൈറ്റ് പുറത്തുവിട്ട ചിത്രം).

ന്യൂഡൽഹി∙ പായ്‌വഞ്ചിയിൽ ലോകം ചുറ്റുന്ന ഇന്ത്യൻ വനിതാ നാവിക സേനാംഗങ്ങൾ പര്യടനത്തിന്റെ മൂന്നാംഘട്ടത്തിനായി ന്യൂസീലൻഡിൽനിന്നു യാത്ര തിരിച്ചു. ന്യൂസീലൻഡിലെ ലിറ്റിൽടൺ തുറമുഖത്തു നിന്നു പുറപ്പെട്ട ‘ഐഎൻഎസ്‌വി തരിണി’യുടെ അടുത്ത ലക്ഷ്യം അർജന്റീനയ്ക്കു സമീപത്തെ ഫാക്‌ലൻഡ് ദ്വീപിലെ പോർട്ട് സ്റ്റാൻലിയാണ്.

വർത്തിക ജോഷി നയിക്കുന്ന സംഘത്തിൽ നാവികസേനാംഗങ്ങളായ ആറു വനിതകളാണുള്ളത്. അഞ്ചു പാദങ്ങളായി നടക്കുന്ന ലോകയാത്ര സെപ്റ്റംബർ പത്തിന് ഗോവയിൽ നിന്നാണു തുടങ്ങിയത്. എട്ടു മാസം കൊണ്ട് പൂർത്തീകരിക്കുകയാണു ലക്ഷ്യം. നവംബർ 29ന് ആണ് ന്യൂസീലൻഡിൽ എത്തിയത്.