വിജയ്മല്യക്കേസിന്റെ വാദത്തിൽ നാടകീയമായ വഴിത്തിരിവുകൾ

 ലണ്ടൻ∙ ഇന്ത്യൻ കോടതികളുടെയും സിബിഐ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) എന്നീ ഇന്ത്യൻ അന്വേഷണ ഏജൻസികളുടെയും നിഷ്പക്ഷതയെച്ചൊല്ലി ഉയർന്ന വ്യത്യസ്ത വാദങ്ങളും വിദഗ്ധരുടെ അഭിപ്രായങ്ങളും വിജയ്മല്യക്കേസിൽ ഇന്നലെ നാടകീയമായ രംഗങ്ങൾക്കു വഴിതെളിച്ചു. ഇന്ത്യയിലെ ബാങ്കുകളിൽ നിന്ന് 9000 കോടി രൂപ വായ്പയെടുത്തു മുങ്ങി ബ്രിട്ടനിൽ കഴിയുന്ന മദ്യവ്യവസായി വിജയ് മല്യയെ തിരിച്ചയയ്ക്കണമെന്ന ഇന്ത്യയുടെ ഹർജിയിൽ വെസ്റ്റ്‌മിനിസ്റ്റർ മജിസ്ട്രേട്ട് കോടതിയിൽ ഇന്നലെയും വാദം തുടർന്നു.

ഇന്ത്യൻ കോടതികളും അന്വേഷണ ഏജൻസികളും സ്ഥാപിത താൽപര്യത്തോടെ പെരുമാറുന്നവയാകയാൽ മല്യയെ തിരിച്ചയച്ചാൽ നീതി കിട്ടില്ലെന്നു കോടതിയെ ബോധ്യപ്പെടുത്താനാണു മല്യയുടെ അഭിഭാഷക ക്ലെയർ മോണ്ട് ഗോമറി ശ്രമിച്ചത്. ഇതിനായി കഴിഞ്ഞദിവസം അവർ ദക്ഷിണ ഏഷ്യൻ നിയമങ്ങളിൽ വിദഗ്ധനായ മാർട്ടിൻ ലൗവിനെ വിദഗ്ധ സാക്ഷിയായി വിസ്തരിച്ചിരുന്നു. റിട്ടയർമെന്റ് അടുക്കുമ്പോൾ ഇന്ത്യൻ സുപ്രീംകോടതി ജഡ്ജിമാർ നിഷ്പക്ഷതയിൽ നിന്നു പിന്നാട്ടുപോകുന്നു എന്നു തെളിയിക്കുന്നതിനായി മാർട്ടിൻ ലൗ ഒരു പഠനത്തിൽ നിന്ന് ഉദ്ധരിക്കുകയുണ്ടായി.

എന്നാൽ ആ പഠന റിപ്പോർട്ട് തയാറാക്കിയ രണ്ടുപേരിൽ ഒരാളായ ബ്രിട്ടനിലെ പ്രഫസർ ശുഭാങ്കർ ദാം തന്റെ പഠനം തെറ്റായി ഉദ്ധരിക്കുകയായിരുന്നുവെന്നു ചൂണ്ടിക്കാട്ടി ഇന്ത്യക്കു ഹാജരാകുന്ന ക്രൗൺ പ്രോസിക്യൂഷൻ സർവീസിന് (സിപിഎസ്) ഇ–മെയിൽ അയച്ചു. സിപിഎസ് ബാരിസ്റ്റർ മാർക്ക് സമ്മേഴ്സ് ഇന്നലെ കോടതിയിൽ ഈ ഇ–മെയിൽ വായിച്ചു. ഇന്ത്യൻ നിയമത്തിന്റേയും കോടതികളുടെയും നിഷ്പക്ഷതയിലുള്ള വിശ്വാസം പ്രഫ. ശുഭാങ്കർ ദാം ആവർത്തിക്കുന്നതു ബോധ്യപ്പെടുത്തി. തുടർന്നു ദാമിന്റെ മെയിൽ രേഖയായി കോടതി സ്വീകരിച്ചു.

ഇതേസമയം, വിദഗ്ധസാക്ഷിയായി മല്യ കൊണ്ടുവന്ന ലണ്ടൻ സ്കൂൾ ഓഫ് ഓറിയന്റൽ‌ ആൻഡ് ഏഷ്യൻ സ്റ്റഡീസ് പ്രഫസർ ലോറൻസ് സേയിസ്, സിബിഐയും ഇഡിയും ഭരണാധികാരികളുടെ ചട്ടുകങ്ങളായാണു പെരുമാറുന്നതെന്ന് അഭിപ്രായപ്പെട്ടു. സമീപകാലത്തു നടന്ന സിബിഐ സ്പെഷൽ ഡയറക്ടർ രാകേഷ് അസ്താനയുടെ നിയമനം പോലും രാഷ്ട്രീയ നിയമനമായിരുന്നുവെന്നു ചൂണ്ടിക്കാട്ടി. സിബിഐ കൂട്ടിലടച്ച തത്തയാണെന്നു നേരത്തേ സുപ്രീംകോടതി തന്നെ പറ‍ഞ്ഞിട്ടുള്ളതും ശ്രദ്ധയിൽ പെടുത്തി. എന്നാൽ ഇന്ത്യക്കുവേണ്ടി ഹാജരാകുന്ന സിപിഎസ് ബാരിസ്റ്റർ മാർക്ക് സിമ്മേഴ്സ് ആരോപണങ്ങളെല്ലാം നിഷേധിച്ചു.