മല്യ ഹാജരായി; ബാങ്കുകളെ വഞ്ചിച്ചിട്ടില്ലെന്നു വാദം

ലണ്ടൻ ∙ ഇന്ത്യയിലെ ബാങ്കുകളിൽ നിന്ന് 9000 കോടിരൂപ വായ്പയെടുത്തു തിരിച്ചടയ്ക്കാതെ മുങ്ങി ബ്രിട്ടനിൽ കഴിയുന്ന മദ്യവ്യവസായി വിജയ് മല്യയെ തിരിച്ചയയ്ക്കണമെന്ന ഇന്ത്യയുടെ ഹർജിയിൽ മല്യ വെസ്റ്റ്മിനിസ്റ്റർ മജിസ്ട്രേട്ട് കോടതിയിൽ വിചാരണയ്ക്കു ഹാജരായി. കിങ്ഫിഷർ എയർലൈൻസിനായി എടുത്ത വായ്പ തിരിച്ചടയ്ക്കാതിരുന്നതു ബിസിനസ് രംഗത്തെ തിരിച്ചടി മൂലമാണെന്നും മനഃപൂർവം തട്ടിപ്പു നടത്തിയതല്ലെന്നും മല്യയുടെ അഭിഭാഷക ക്ലെയർ മോണ്ട്ഗോമറി വാദിച്ചു. ഇതു സ്ഥാപിക്കുന്നതിനായി ബാങ്കിങ് വിദഗ്ധൻ പോൾ റെക്സ് ഉൾപ്പെടെ രണ്ടു സാക്ഷികളെ കോടതിയിൽ ഹാജരാക്കിയിരുന്നു.

മല്യയുടെ ഫോർമുല വൺ ടീമായ ഫോഴ്സ് ഇന്ത്യയുടെ അക്കൗണ്ട്സ് സംഘത്തിൽ നിന്നുള്ള മാർഗരറ്റ് സ്വീനി, നിയമവിദഗ്ധൻ മാർട്ടിൻ ലൗ എന്നിവരെ വിസ്തരിച്ചു. വായ്പത്തുകയിൽ മുതൽ ഇനത്തിൽ 4400 കോടി രൂപ തിരിച്ചടയ്ക്കാമെന്ന മല്യയുടെ വാഗ്ദാനം ബാങ്കുകൾ നിരസിച്ചതു ന്യായമല്ലെന്നു സ്ഥാപിക്കാനുള്ള ശ്രമത്തെ ഇന്ത്യാ സർക്കാരിനു വേണ്ടി ഹാജരാകുന്ന ക്രൗൺ പ്രോസിക്യൂഷൻ സംഘം എതിർത്തു. മല്യ വ്യാജക്കണക്കുകൾ നൽകി ബാങ്കുകളെ കബളിപ്പിക്കുകയായിരുന്നുവെന്നു പ്രോസിക്യൂഷൻ വാദിച്ചു. പിറന്നാൾ സർക്കാരത്തിനു പ്രതി 20 ലക്ഷം പൗണ്ട് (ഏതാണ്ട് 17 കോടിയിലേറെ രൂപ) ചെലവാക്കിയതും പരാമർശിച്ചു.

മല്യയുടെ ആഗോള ആസ്തികൾ മരവിപ്പിക്കണമെന്ന ഇന്ത്യയിലെ ബാങ്കുകളുടെ ഹർജി ഇംഗ്ലണ്ടിലെ ഹൈക്കോടതിയുടെ ക്യൂൻസ് ബെഞ്ച് ഡിവിഷൻ പരിഗണിക്കുന്നുണ്ട്. വിട്ടുകൊടുക്കൽ ഹർജിയിൽ വാദം നടക്കുന്നതിനാൽ കേസ് മാറ്റിവച്ചിരിക്കുകയാണ്.