ഇന്ത്യൻ ജയിലുകളുടെ ദയനീയാവസ്ഥ വിവരിച്ച് മല്യയുടെ അഭിഭാഷകർ

ലണ്ടൻ ∙ ഇന്ത്യയിലെ ജയിലുകൾ വൃത്തിയില്ലാത്തതും ആൾത്തിരക്കേറിയതുമാണെന്ന വാദവുമായി വിജയ് മല്യ. ഇന്ത്യയിലെ ബാങ്കുകളിൽനിന്ന് 9000 കോടി രൂപ വായ്പയെടുത്തു തിരിച്ചടയ്ക്കാതെ മുങ്ങി ബ്രിട്ടനിൽ കഴിയുന്ന മദ്യവ്യവസായി വിജയ് മല്യയെ വിട്ടുകിട്ടാനുള്ള ഇന്ത്യാ സർക്കാരിന്റെ ഹർജിയിലാണു മല്യയുടെ അഭിഭാഷകർ ഇന്ത്യയിലെ ജയിലുകളുടെ ദയനീയാവസ്ഥ വിവരിച്ചത്.

കോടതിയെ ഇതു ബോധ്യപ്പെടുത്താനായി ബ്രിട്ടനിലെ ജയിൽ വിദഗ്ധൻ ഡോ. അലൻ മിച്ചലിനെ ഹാജരാക്കി വിസ്തരിക്കുകയും ചെയ്തു. മുംബൈ ആർതർ റോഡ് ജയിൽ, ബംഗാളിലെ ആലിപ്പൂർ ജയിൽ, ചെന്നൈ പുഴാൽ ജയിൽ എന്നിവിടങ്ങളിലെ ദയനീയാവസ്ഥ അദ്ദേഹം കോടതിയിൽ വിവരിച്ചു. തന്നെ ഇന്ത്യയ്ക്കു വിട്ടുകൊടുത്താൽ ജയിലിൽ തനിക്കു നീതി ലഭിക്കില്ലെന്നു സ്ഥാപിക്കാനായിരുന്നു മല്യയുടെ ശ്രമം.