കോഡയുടെ വളർച്ചയ്ക്കും താഴ്ചയ്ക്കും ശരവേഗം

കൽക്കരിപ്പാടം അഴിമതിക്കേസിൽ വിധി കേൾക്കാൻ മധു കോഡ, സിബിഐ കോടതിയില്‍ എത്തിയപ്പോൾ.

റാഞ്ചി ∙ ഗുവ ഇരുമ്പയിര് ഖനിയിലെ തൊഴിലാളിയായിരുന്ന മധു കോഡയുടെ വളർ‍ച്ച പൊടുന്നനെയായിരുന്നു. രാഷ്ട്രീയ അസ്ഥിരതയ്ക്കു പേരുകേട്ട ജാർഖണ്ഡിൽ അധികാരം ഉറപ്പിക്കാനും നിലനിർത്താനും മറിച്ചിടാനുമായി കസേരകളികൾ നടത്തിയ കോഡ കൈയെത്തിപ്പിടിച്ചതു മുഖ്യമന്ത്രിക്കസേര വരെ. വെസ്റ്റ് സിങ്ക്ബുവം ജില്ലയിൽ‌ മഴയെമാത്രം ആശ്രയിച്ചു കൃഷിയിറക്കിയിരുന്ന സാധാരണ കർഷകന്റെ മകൻ രാഷ്ട്രീയത്തിൽ തോന്നുംപോലെ വിത്തിറക്കി യഥേഷ്ടം വിളവെടുക്കാൻ ശ്രമിച്ചതാണു പൊടുന്നനെയുള്ള കയറ്റത്തിനും ഇറക്കത്തിനും കാരണമായത്.

ആർഎസ്എസിലൂടെ കടന്നുവന്ന കോഡയെന്ന തീപ്പൊരി പയ്യൻ പഴയ ബിഹാറിലെ ജഗന്നാഥ്പുരിൽ 1995ൽ ആദ്യമായി ബിജെപി ടിക്കറ്റിൽ നിയമസഭയിലേക്ക് അങ്കത്തിനിറങ്ങിയെങ്കിലും പച്ചതൊട്ടില്ല. പക്ഷേ, രണ്ടായിരത്തിൽ ജാർഖണ്ഡ് സംസ്ഥാനം രൂപീകൃതമായതോടെ രണ്ടാം തവണ മൽസരിക്കാനെത്തിയ കോഡ ജെഎംഎം സ്ഥാനാർഥിയെ മലർത്തിയടിച്ച് അദ്ഭുതം സൃഷ്ടിച്ചു. അതിനു പാർട്ടി നൽകിയ സമ്മാനം സ്വതന്ത്രചുമതലയുള്ള മന്ത്രിപദം.

2005ൽ ബിജെപി ടിക്കറ്റ് നിഷേധിച്ചപ്പോൾ സ്വതന്ത്രന്റെ കുപ്പായം അണിഞ്ഞു വിജയിച്ചതോടെ വിശപേശലിനു കൂടുതൽ കരുത്തായി. അർജുൻ മുണ്ടയുടെ നേതൃത്വത്തിലുള്ള ബിജെപി  മന്ത്രിസഭയിൽ ഖനി, ഭൂഗർഭ വകുപ്പ് മന്ത്രിയായി. എന്നാൽ, ജാർഖണ്ഡ് മുക്തി മോർച്ചയും കോൺഗ്രസുമായി ചേർന്നു ബിജെപി സർക്കാരിനെ ഒരുവർഷം കൊണ്ട് താഴെയിറക്കി 2006ൽ മുഖ്യമന്ത്രിക്കസേരയിൽ എത്തി.

അഴിമതിയും ധൂർത്തും ആരോപിച്ചു സർക്കാരിനു യുപിഎ പിന്തുണ പിൻവലിച്ചതോടെ കോഡയ്ക്ക് ഒഴിയേണ്ടിവന്നു. മുഖ്യമന്ത്രിയായിരുന്നപ്പോഴാണു ബന്ധു വിജയ് ജോഷിക്കു കൂടി പങ്കാളിത്തമുള്ള സ്റ്റീൽ കമ്പനിക്കു കൽക്കരിപ്പാടം അനുവദിക്കുന്നതിൽ വഴിവിട്ടു സഹായം നൽകിയത്. അതു സിഎജി കണ്ടെത്തിയതോടെ കഷ്ടകാലവും തുടങ്ങി. 2009ൽ ദേശീയ രാഷ്ട്രീയത്തിലേക്കു കളംമാറ്റിയ കോഡ സ്വതന്ത്രനായി മൽസരിച്ചു വിജയിച്ചത് ഏവരെയും ‍െഞട്ടിച്ചു. പിന്നാലെ 3500 കോടിയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റ് ചെയ്തു ജയിലിൽ അടച്ചതോടെ രാഷ്ട്രീയ തിരിച്ചടി ആരംഭിച്ചു.