ഇന്ത്യയുമായുള്ള സമാധാന ചർച്ചയ്ക്ക് പിന്തുണ: പാക്ക് സേനാ മേധാവി

ഇസ്‌ലാമാബാദ് ∙ ഇന്ത്യയുമായുള്ള പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവന്നാൽ സൈന്യം പൂർണമായി പിന്തുണയ്ക്കുമെന്നു പാക്കിസ്ഥാനിലെ കരസേനാ മേധാവി ജനറൽ ഖമർ ജാവേദ് ബജ്‌വ വ്യക്തമാക്കി. പാർലമെന്റിന്റെ ഉപരിസഭയായ സെനറ്റിൽ സുരക്ഷാ വെല്ലുവിളികളെക്കുറിച്ചു വിശദീകരിക്കുമ്പോഴാണു സൈനിക മേധാവി ഇന്ത്യയുമായുള്ള സമാധാന ചർച്ചകളെ പിന്തുണച്ചത്. ചർച്ചകൾക്കു തടസ്സം പാക്ക് സൈന്യമാണെന്ന ആരോപണം നിലനിൽക്കെയാണു ജനറൽ ബജ്‍വയുടെ പ്രഖ്യാപനം.

ഇപ്പോഴത്തെ അനിശ്ചിതത്വം അവസാനിപ്പിച്ച്, സമാധാനപാതയിലേക്കു മടങ്ങാൻ യുഎസ് ഉൾപ്പെടെയുള്ള ലോകരാഷ്ട്രങ്ങൾ പാക്കിസ്ഥാനുമേൽ സമ്മർദം ചെലുത്തിവരികയാണ്. ഇന്ത്യയും അഫ്ഗാനിസ്ഥാനുമുൾപ്പെടെ എല്ലാ അയൽരാജ്യങ്ങളുമായും നല്ല ബന്ധമാണു സൈന്യം ആഗ്രഹിക്കുന്നതെന്നും ജനറൽ ബജ്‍വ വ്യക്തമാക്കി. സൈനിക ഓപ്പറേഷൻസ് ഡയറക്ടർ ജനറൽ മേജർ ജനറൽ സഹിർ ഷംഷദ് മിർസ, ചാരസംഘടനയായ ഐഎസ്ഐയുടെ ഡയറക്ടർ ജനറൽ നവീദ് മുക്താർ തുടങ്ങിയവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ആറുവർഷത്തിനുശേഷമാണു സൈനിക നേതൃത്വം സെനറ്റിൽ വിശദീകരണം നൽകിയത്.

നേരത്തേ 2011 മേയിൽ ഉസാമ ബിൻലാദൻ അബോട്ടബാദിലെ ഒളിയിടത്തിൽ യുഎസ് സൈന്യത്തിന്റെ മിന്നലാക്രമണത്തിൽ കൊല്ലപ്പട്ട ശേഷം സൈനിക മേധാവി ജനപ്രതിനിധികൾക്കു മുന്നിൽ കാര്യങ്ങൾ വിശദീകരിച്ചിരുന്നു. നാലുമണിക്കൂർ നീണ്ട രഹസ്യ ചർച്ചകളുടെ വിവരങ്ങൾ ഔദ്യോഗികമായി വെളിപ്പെടുത്തിയില്ലെങ്കിലും ജനപ്രതിനിധികൾ വിവരങ്ങൾ മാധ്യമങ്ങൾക്കു നൽകി. അംഗങ്ങൾ ചെയ്തതു പദവിക്കു നിരക്കാത്ത പ്രവൃത്തിയാണെന്നു സഭാ അധ്യക്ഷൻ റാസ റബ്ബാനി വിമർശിച്ചു. അവകാശലംഘനമായി കണക്കാക്കി വിഷയം സെനറ്റ് ഉപദേശക സമിതിയുടെ പരിഗണനയ്ക്കു വിടുകയും ചെയ്തു.