Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സമാധാന ചർച്ചയാകാം, ആദ്യം ഭീകരർക്കുള്ള പിന്തുണ നിർത്തൂ: കരസേനാ മേധാവി

Bipin Rawat

ജയ്പുർ ∙ ഭീകരർക്ക് നൽകിവരുന്ന പിന്തുണ അവസാനിപ്പിച്ചാൽ പാക്കിസ്ഥാനുമായി സമാധാന ചർച്ച നടത്തുന്നതിന് പൂർണ സമ്മതമാണെന്ന് ഇന്ത്യൻ കരസേനാ മേധാവി ജനറൽ ബിപിൻ റാവത്ത്. സമാധാന ചർച്ചയ്ക്കുള്ള താൽപര്യം തുറന്നുപറഞ്ഞ പാക്ക് സേനാ മേധാവിക്കുള്ള മറുപടിയായാണ്, അതിന് ആദ്യം ഭീകരർക്ക് നൽകിവരുന്ന പിന്തുണ അവസാനിപ്പിക്കാൻ ജനറൽ റാവത്ത് ആവശ്യപ്പെട്ടത്. പാക്കിസ്ഥാന്റെ പ്രവർത്തിയിൽ അവർക്ക് സമാധാന ചർച്ചകൾക്ക് താൽപര്യമുണ്ടെന്നതിന്റെ യാതൊരു സൂചനകളുമില്ലെന്നും റാവത്ത് ചൂണ്ടിക്കാട്ടി.

ഇന്ത്യയുമായുള്ള പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവന്നാൽ സൈന്യം പൂർണമായും പിന്തുണയ്ക്കുമെന്ന് പാക്കിസ്ഥാനിലെ കരസേനാ മേധാവി ജനറൽ ഖമർ ജാവേദ് ബജ്‌വ വ്യക്തമാക്കിയിരുന്നു. പാർലമെന്റിന്റെ ഉപരിസഭയായ സെനറ്റിൽ സുരക്ഷാ വെല്ലുവിളികളെക്കുറിച്ചു വിശദീകരിക്കുമ്പോഴാണ് സൈനിക മേധാവി ഇന്ത്യയുമായുള്ള സമാധാന ചർച്ചകളെ പിന്തുണച്ചത്. ചർച്ചകൾക്കുള്ള തടസ്സം പാക്ക് സൈന്യമാണെന്ന ആരോപണം നിലനിൽക്കെയാണ് ചർച്ചകൾക്ക് പാക്ക് സൈനിക മേധാവി പച്ചക്കൊടി കാട്ടിയത്.

ഇന്ത്യ–പാക്ക് അതിർത്തിയോടു ചേർന്ന് താർ മരുഭൂമിയിൽ സൈന്യത്തിന്റെ ദക്ഷിണ കമാൻഡ് സംഘടിപ്പിച്ച ‘ഹമേഷാ വിജയി’ പരിശീലനം കാണാനെത്തിയപ്പോഴാണ് ഇന്ത്യൻ സൈനിക മേധാവി, ജനറൽ ബജ്‌വയുടെ പ്രസ്താവനയോട് പ്രതികരിച്ചത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടണമെന്നു തന്നെയാണ് നമ്മുടെയും ആഗ്രഹം. പക്ഷേ അതിനായി അവർ എന്തു തരത്തിലുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്ന് പരിശോധിക്കേണ്ടതുണ്ട്. ജമ്മു കശ്മീരിൽ ഇപ്പോഴും ഭീകരവാദം വ്യാപിക്കുകയാണെന്നതാണ് വസ്തുത. സൈന്യവും, അർധസെനിക വിഭാഗങ്ങളും, ജമ്മു കശ്മീർ പൊലീസും ചേർന്ന് വളരെ ഫലപ്രദമായാണ് ഭീകരരെ നേരിടുന്നത്. ഈ പോരാട്ടം തുടരാൻ തന്നെയാണ് നമ്മുടെ തീരുമാനമെന്നും ജനറൽ റാവത്ത് വിശദീകരിച്ചു.

ഭീകരർക്കെതിരെ നടപടി സ്വീകരിക്കുന്നപക്ഷം പാക്കിസ്ഥാനുമായുള്ള ബന്ധം ദൃഢപ്പെടുത്തുന്നതിൽ ഇന്ത്യയ്ക്ക് സന്തോഷമേയുള്ളൂവെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാറും നേരത്തെ വ്യക്തമാക്കിയിരുന്നു. സമാധനത്തിനുള്ള നടപടികൾ സ്വീകരിക്കുമ്പോഴും ഇന്ത്യയുടെ പ്രധാന ആശങ്ക ഭീകരവാദമാണെന്ന് പാക്കിസ്ഥാൻ മനസ്സിലാക്കണം. അവരുടെ മണ്ണിൽനിന്ന് ഇന്ത്യാവിരുദ്ധ നീക്കം നടത്തുന്ന ഭീകരർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആദ്യം മുതലേ നാം ആവശ്യപ്പെടുന്നതാണ്. ബന്ധം മെച്ചപ്പെടുത്തണമെങ്കിൽ ഇക്കാര്യത്തിൽ ക്രിയാത്മകമായ നടപടി പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് ഉണ്ടായേ തീരൂവെന്നും രവീഷ് കുമാർ വ്യക്തമാക്കിയിരുന്നു.