Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗുജറാത്തിൽ രൂപാണി തന്നെ; സ്വതന്ത്രന്റെ പിന്തുണയോടെ ബിജെപി 100 തികച്ചു

India Politics ഗുജറാത്ത് ബിജെപി പാർലമെന്ററി പാർട്ടി നേതാവായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രി വിജയ് രൂപാണിയെ മുൻ മുഖ്യമന്ത്രി ആനന്ദിബെൻ പട്ടേൽ അഭിനന്ദിക്കുന്നു. ഉപനേതാവ് ഉപമുഖ്യമന്ത്രി നിധിൻ പട്ടേൽ സമീപം. ചിത്രം: പിടിഐ

അഹമ്മദാബാദ്∙ ഗുജറാത്തിൽ വിജയ് രൂപാണി–നിധിൻ പട്ടേൽ സഖ്യം ഭരണം തുടരും. ഇപ്പോഴത്തെ മുഖ്യമന്ത്രി രൂപാണിയെ നേതാവായും ഉപമുഖ്യമന്ത്രി നിധിൻ പട്ടേലിനെ ഉപനേതാവായും ബിജെപി നിയമസഭാകക്ഷി യോഗം ഏകകണ്ഠമായി തിരഞ്ഞെടുത്തു. സത്യപ്രതി‍ജ്ഞ അടുത്തയാഴ്ച. എംഎൽഎയും സംസ്ഥാന അധ്യക്ഷനുമായ ജിത്തു വഘാണിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിജയ് രൂപാണി തുടരണമെന്ന തീരുമാനം കേന്ദ്ര നിരീക്ഷകനായ മന്ത്രി അരുൺ ജയ്റ്റ്ലിയാണു പ്രഖ്യാപിച്ചത്.

മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി സ്ഥാനത്തേക്കു മറ്റാരെയെങ്കിലും നിർദേശിക്കാനുണ്ടോ എന്നു ജയ്റ്റ്ലിയും മറ്റൊരു കേന്ദ്ര നിരീക്ഷകനായ ബിജെപി ജനറൽ സെക്രട്ടറി സരോജ് പാണ്ഡെയും നിയുക്ത എംഎൽഎമാരോട് ആരാഞ്ഞിരുന്നു. എന്നാൽ മറ്റാരുടെയും പേരു നിർദേശിക്കപ്പെട്ടില്ല.

ഇതിനിടെ, ലൂനാവാഡയിൽ സ്വതന്ത്രനായി ജയിച്ച കോൺഗ്രസ് വിമതൻ രത്തൻ സിങ് റാത്തോഡ് ബിജെപിക്കു പിന്തുണ പ്രഖ്യാപിച്ചു. ഇതോടെ, ബിജെപിക്കു 100 എംഎൽഎമാരുടെ പിന്തുണയായി. 99 പേരാണു ബിജെപി ചിഹ്നത്തിൽ ജയിച്ചത്.

related stories