ഊട്ടിയിൽ കനത്ത മഞ്ഞുവീഴ്ച: ചൂട് പൂജ്യം

മഞ്ഞണിപ്പുൽമേടുകളും മൈതാനങ്ങളുമാണ് ഊട്ടിയിലെങ്ങും. ഊട്ടി സസ്യോദ്യാനത്തിലെ ഇന്നലത്തെ മഞ്ഞുവീഴ്ച കാഴ്ച.

ഊട്ടി∙ ഊട്ടിയുടെ പല ഭാഗങ്ങളിലും കനത്ത മഞ്ഞുവീഴ്ച തുടങ്ങി. ഇപ്രാവശ്യത്തെ ആദ്യത്തെ മഞ്ഞുവീഴ്ച ഇന്നലെ രേഖപ്പെടുത്തി. സസ്യോദ്യാനം, എച്ച്എഡിപി മൈതാനം, കുതിരപ്പന്തയ മൈതാനം, റെയിൽവേ സ്റ്റേഷനും പരിസരവും എച്ച്പിഎഫ്, തലകുന്ത തുടങ്ങിയ സ്ഥലങ്ങളിൽ വെള്ള കമ്പിളി പുതച്ച പോലെയാണു മൈതാനങ്ങൾ. പലയിടത്തും അന്തരീക്ഷ ഊഷ്മാവ് പൂജ്യം ഡിഗ്രിയോടടുത്തു. വരും ദിവസങ്ങളിൽ മഞ്ഞുവീഴ്ച കൂടാനാണു സാധ്യത.

പകൽ നല്ല ചൂടും രാത്രി കഠിനമായ തണുപ്പുമാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. വൈകിയെത്തിയ മഞ്ഞുവീഴ്ച ഒരു മാസമെങ്കിലും തുടരുമെന്നാണു കരുതുന്നത്. ഊട്ടിയിലെ ഉദ്യാനങ്ങളിലെ ചെടികളും പുല്ലും മഞ്ഞിനുശേഷമുള്ള കനത്ത വെയിലിൽ കരിയാതിരിക്കാൻ കരുതൽ നടപടികളായി നനച്ചും മൂടിയും സംരക്ഷിക്കുകയാണ് അധികൃതർ.