കൽക്കരിപ്പാടം കേസ്: വിചാരണക്കോടതി വിധിക്കു സ്റ്റേ

ന്യൂഡൽഹി ∙ കൽക്കരിപ്പാടം വിതരണ അഴിമതിക്കേസിൽ ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി മധു കോഡയ്ക്കു പ്രത്യേക സിബിഐ കോടതി വിധിച്ച തടവുശിക്ഷ 22 വരെ ഡൽഹി ഹൈക്കോടതി ജഡ്ജി അനു മൽഹോത്ര സ്റ്റേ ചെയ്തു. വിചാരണ കോടതി വിധിച്ച 25 ലക്ഷം രൂപ പിഴശിക്ഷയും താൽക്കാലികമായി റദ്ദാക്കി.

രാജ്യം വിടരുതെന്ന നിബന്ധനയോടെ കോഡയ്ക്കു 18 വരെ ജാമ്യം അനുവദിച്ചിട്ടുമുണ്ട്. ഹൈക്കോടതിയിൽ നൽകിയ അപ്പീൽ തീർപ്പാകുംവരെ ശിക്ഷ റദ്ദാക്കണമെന്നും ജാമ്യം അനുവദിക്കണമെന്നുമുള്ള ഹർജി പരിഗണിച്ചാണു വിധി. കോഡയുടെ അപ്പീലിന്മേൽ 22ന് ഉള്ളിൽ മറുപടി‌‌‌ നൽകാൻ സിബിഐയോടു ഹൈക്കോടതി നിർദേശിച്ചു. കോഡ ഉൾപ്പെടെ നാലുപേർക്കു മൂന്നുവർഷം വീതമാണു പ്രത്യേക കോടതി തടവുശിക്ഷ വിധിച്ചിരുന്നത്.