Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആധാർ വാതിൽ അടച്ചു

aadhar-site

ന്യൂഡൽഹി ∙ 500 രൂപയ്ക്ക് ആരുടെയും ആധാർ വിവരങ്ങൾ ലഭിക്കുമെന്ന വെളിപ്പെടുത്തലിനു പിന്നാലെ ആധാർ അതോറിറ്റിയുടെ (യുഐഡിഎഐ) ഔദ്യോഗിക വെബ്സൈറ്റ് (portal.uidai.gov.in) മരവിപ്പിച്ചു.

യുഎസ് ദേശീയ സുരക്ഷാ ഏജൻസിയിൽനിന്നു രഹസ്യവിവരങ്ങൾ ചോർത്തി അമേരിക്കയ്ക്കു തലവേദന സൃഷ്ടിച്ച എഡ്വേഡ് സ്നോഡൻ, ആധാർ രഹസ്യങ്ങൾ സുരക്ഷിതമല്ലെന്നു ട്വീറ്റ് ചെയ്തതോടെ വിഷയം രാജ്യാന്തരതലത്തിലും ചർച്ചയായി. ആധാർ ചോർച്ചയുടെ വാർത്ത റീട്വീറ്റ് ചെയ്ത സ്നോഡൻ, സർക്കാർ നടത്തുന്ന ‘ഒളിഞ്ഞുനോട്ടത്തെ’ വിമർശിക്കുകയും ചെയ്തു.

വെബ്സൈറ്റ് മരവിപ്പിച്ചെങ്കിലും ആധാർ എൻറോൾമെന്റും റജിസ്ട്രേഷനും തടസ്സമില്ലെന്ന് അധികൃതർ അറിയിച്ചു. അതോറിറ്റി ഉന്നത ഉദ്യോഗസ്ഥർക്കു മാത്രം പ്രവേശിക്കാൻ സാധിക്കുന്ന െവബ്സൈറ്റാണു മരവിപ്പിച്ചത്. വെബ്സൈറ്റിലേക്കു പ്രവേശിക്കാനുള്ള സാങ്കേതിക വിദ്യ മോഷ്ടിക്കപ്പെട്ടതു ഗുജറാത്തിലെ സൂറത്ത് ജില്ലാ ആസ്ഥാനത്തു നിന്നാണെന്നു സൂചനയുണ്ട്. ആധാർ വിവരങ്ങൾ പരസ്യമാകുന്നതു സൈബർ തട്ടിപ്പിനും അനുബന്ധ ക്രമക്കേടുകൾക്കും കാരണമായേക്കാം. സാധാരണക്കാരുടെ അടിസ്ഥാന വിവരങ്ങൾ കൈക്കലാക്കാൻ രാജ്യാന്തര കമ്പനികൾക്കും താൽപര്യമുണ്ട്.

ആധാർ കാർഡ് പ്രിന്റ് ചെയ്യുന്നതിനുള്ള സോഫ്റ്റ്‌വെയർ പോലും ലഭ്യമായത് ആശങ്ക കൂട്ടുന്നു. ബാങ്ക് അക്കൗണ്ട്, പാൻകാർഡ്, മൊബൈൽ കണക്‌ഷൻ തുടങ്ങിയവയെല്ലാം ആധാറുമായി ബന്ധിപ്പിക്കാനുള്ള നടപടികൾക്കിടെയാണു ചോർച്ചയെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നത്. വെബ്സൈറ്റ് മരവിപ്പിച്ചതുൾപ്പെടെയുള്ള നടപടികളിലൂടെ, പൊതുജനങ്ങളുടെ ആശങ്ക അസ്ഥാനത്തല്ലെന്നു വ്യക്തമാവുകയാണ്.