ട്വീറ്റിൽ അമളി പിണഞ്ഞ് സ്മൃതി ഇറാനി; ശ്രീനഗർ – ലേ യാത്രയ്ക്ക് 15 മിനിറ്റ്!

ന്യൂഡൽഹി∙ സോജില തുരങ്കപദ്ധതിക്കു മന്ത്രിസഭ അംഗീകാരം നൽകിയെന്നു പ്രഖ്യാപിച്ചു കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ ട്വീറ്റില്‍ വന്‍ അബദ്ധം. പിന്നാലെ ട്രോളാക്രമണം. ശ്രീനഗർ മുതല്‍ ലേ വരെയുള്ള ദൂരം താണ്ടാന്‍ ഇനി 15 മിനിറ്റു മതിയെന്നാണു സ്മൃതി എഴുതിപ്പിടിപ്പിച്ചത്. രണ്ടു സ്ഥലങ്ങളും തമ്മില്‍ നാനൂറു കിലോമീറ്ററിലധികം ദൂരമുള്ളപ്പോഴാണിത്.

ശ്രീനഗർ– ലേ റോഡ് യാത്ര 20 മണിക്കൂറെടുക്കും. തുരങ്ക പദ്ധതിയെപ്പറ്റി ഇംഗ്ലിഷ് പത്രത്തില്‍ വന്ന ലേഖനത്തിലേക്കുള്ള ലിങ്കും ട്വീറ്റിന് ഒപ്പം നല്‍കിയിരുന്നു. ആ ലേഖനത്തിലെ തലക്കെട്ട് അതേപടി പകര്‍ത്തിയതാണു കേന്ദ്രമന്ത്രിക്കു വിനയായത്. തുരങ്കം കടക്കാനുള്ള സമയമാണ് ഉദ്ദേശിച്ചതെന്നു പറഞ്ഞ് ഇംഗ്ലിഷ് പത്രം പിന്നീടു തിരുത്തിയെങ്കിലും സ്മൃതി അതിനു മിനക്കെട്ടില്ല.