ചൈന അതിർത്തിയിലേക്ക് കൂടുതൽ സൈന്യം; ഏതു ഭീഷണിയും നേരിടാൻ ഇന്ത്യ സജ്ജമെന്നു ജനറൽ റാവത്ത്

ജനറൽ ബിപിൻ റാവത്ത്

ന്യൂഡൽഹി∙ രാസ, ജൈവ, ആണവായുധ യുദ്ധമുറകൾ ശത്രു രാജ്യങ്ങൾ ഇന്ത്യക്കെതിരെ പ്രയോഗിച്ചേക്കുമെന്നും അവയെ നേരിടാൻ രാജ്യം സജ്ജമാണെന്നും കരസേനാ മേധാവി ജനറൽ ബിപിൻ റാവത്ത്. ചൈന ശക്തരാണ്; പക്ഷേ, ഇന്ത്യ ദുർബലമല്ല. ഇന്ത്യൻ മേഖല കയ്യടക്കാൻ ആരെയും അനുവദിക്കില്ല. പാക്കിസ്ഥാനിലെ ഐഎസ്ഐ ഉദ്യോഗസ്ഥർ ജൈവ, രാസ യുദ്ധമുറകളിൽ ചൈനയിൽ നിന്നു പരിശീലനം നേടിയതായി വിവരം ലഭിച്ചിട്ടുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല.

ചൈന നേരിട്ടു ഭീകരരെ പിന്തുണയ്ക്കുന്നതു സംബന്ധിച്ചും നിലവിൽ തെളിവില്ല. ഭീകരരെ അതിർത്തി കടത്തി വിടുന്നതു പാക്കിസ്ഥാൻ തുടർന്നാൽ, ശക്തമായി പ്രതികരിക്കും. ഈ തന്ത്രം അവർ അവസാനിപ്പിച്ചാൽ വെടിനിർത്തൽ ധാരണ പാലിക്കാൻ ഒരുക്കമാണ്. അല്ലാത്തപക്ഷം, പാക്കിസ്ഥാൻ സൈന്യം വേദന അനുഭവിക്കും. പാക്കിസ്ഥാനുമായുള്ള പടിഞ്ഞാറൻ അതിർത്തിയിൽ നിന്ന് ചൈനയുമായുള്ള വടക്കൻ അതിർത്തിയിലേക്കു സൈന്യം ശ്രദ്ധ കേന്ദ്രീകരിക്കും. വടക്കൻ അതിർത്തിയിൽ 1962ലെ സ്ഥിതിയല്ല ഇന്ന്. ഇന്ത്യക്കു ശക്തമായ സാന്നിധ്യമുണ്ട്. ഭൂപ്രകൃതിയും അനുകൂലമാണ്.

സിക്കിം അതിർത്തിയിലെ ദോക്‌ ലായിൽ ചൈനീസ് സൈന്യം പിൻവാങ്ങി നിൽക്കുകയാണെങ്കിലും ശൈത്യകാലത്തിനു ശേഷം പ്രകോപനമുണ്ടാക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഈ വിഷയത്തിൽ ഭൂട്ടാനും ചൈനയും തമ്മിൽ നടക്കുന്ന ചർച്ചകൾ നിരീക്ഷിക്കുന്നുണ്ട്. ഇന്ത്യയുടെയും ചൈനയുടെയും മിലിട്ടറി ഓപ്പറേഷൻസ് ഡയറക്ടർ ജനറൽമാർ തമ്മിൽ ഹോട്ട്‌ലൈൻ ബന്ധം സജ്ജമാക്കും– സേനാ മേധാവി പറഞ്ഞു. കശ്മീരിൽ ദുഷ്പ്രചാരണം കശ്മീർ ഇന്ത്യയിൽ നിന്നു ഭിന്നമാണെന്നു പ്രചരിപ്പിക്കുന്ന വിദ്യാഭ്യാസ സമ്പ്രദായമാണു നിലവിൽ അവിടത്തെ സർക്കാർ സ്കൂളുകളിലുള്ളതെന്നും ഇതിൽ മാറ്റം അനിവാര്യമാണെന്നും ജനറൽ റാവത്ത് പറ‍ഞ്ഞു. സൈന്യത്തിന്റെ പ്രതിച്ഛായ മോശമാക്കുന്ന തരത്തിൽ തെറ്റായ പ്രചാരണം നടത്തുന്ന കശ്മീരിലെ ചില മദ്രസകളെയും മസ്ജിദുകളെയും നിയന്ത്രിക്കണം. സാമൂഹിക മാധ്യമങ്ങൾ വഴിയും ദുഷ്പ്രചാരണം വ്യാപകമാണ്.

കശ്മീരിൽ ദുഷ്പ്രചാരണം: ജനറൽ റാവത്ത്

കശ്മീർ ഇന്ത്യയിൽ നിന്നു ഭിന്നമാണെന്നു പ്രചരിപ്പിക്കുന്ന വിദ്യാഭ്യാസ സമ്പ്രദായമാണു നിലവിൽ അവിടത്തെ സർക്കാർ സ്കൂളുകളിലുള്ളതെന്നും ഇതിൽ മാറ്റം അനിവാര്യമാണെന്നും ജനറൽ റാവത്ത് പറ‍ഞ്ഞു. സൈന്യത്തിന്റെ പ്രതിച്ഛായ മോശമാക്കുന്ന തരത്തിൽ തെറ്റായ പ്രചാരണം നടത്തുന്ന ചില മദ്രസകളെയും മസ്ജിദുകളെയും നിയന്ത്രിക്കണം. സാമൂഹിക മാധ്യമങ്ങൾ വഴിയും ദുഷ്പ്രചാരണം വ്യാപകമാണ്.