ചീഫ് ജസ്റ്റിസിനെതിരെ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവരുമെന്ന് സിപിഎം

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര

ന്യൂഡൽഹി ∙ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യാനുള്ള പ്രമേയം പാർലമെന്റിൽ കൊണ്ടുവരുന്നതിനു സിപിഎം പ്രതിപക്ഷ കക്ഷികളുടെ സഹായം തേടുന്നു. ഇതിനായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി എൻസിപി നേതാവ് താരിഖ് അൻവർ, വിമത ജെഡി(യു) നേതാവ് ശരദ് യാദവ് എന്നിവരെ കണ്ടു.

ചീഫ് ജസ്റ്റിസിനെതിരെ സുപ്രീം കോടതിയിലെ നാലു മുതിർന്ന ജഡ്ജിമാർ ഉന്നയിച്ച വിഷയങ്ങളിൽ രണ്ടാഴ്ചയായിട്ടും പരിഹാരം കാണുന്നതിൽ രാജ്യത്തെ പരമോന്നത കോടതി പരാജയപ്പെട്ട സാഹചര്യത്തിൽ നിയമനിർമാണ സഭയും നിയമനിർവഹണ സംവിധാനവും ഇടപെടേണ്ടതുണ്ടെന്ന് യച്ചൂരി പറഞ്ഞു. ജസ്റ്റിസുമാരായ ജസ്തി ചെലമേശ്വർ, രഞ്ജൻ ഗൊഗോയി, മദൻ ബി.ലോക്കൂർ, കുര്യൻ ജോസഫ് എന്നിവർ ഉന്നയിച്ച വിഷയം ഗൗരവതരമാണെന്നും അവയിൽ പരിഹാരമുണ്ടാകേണ്ടതു രാജ്യത്തു ജനാധിപത്യം നിലനിൽക്കാൻ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

വിഷയത്തിന്റെ അടിയന്തര പ്രാധാന്യം പരിഗണിച്ച് 29ന് ആരംഭിക്കുന്ന ബജറ്റ് സമ്മേളനത്തിൽ തന്നെ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവരാനാണു നീക്കം. മുതിർന്ന ജഡ്ജിമാർ ഉന്നയിച്ച വിഷയങ്ങളിൽ പരിഹാരമുണ്ടാക്കാൻ ചീഫ് ജസ്റ്റിസ് ഏതെങ്കിലും തരത്തിൽ ശ്രമിക്കുന്നതായി കാണാനാവുന്നില്ല.

രാജ്യത്തെ ജനങ്ങളുടെ അവസാന ആശ്രയമായ നീതിനിർവഹണ സംവിധാനത്തിന്റെ വിശ്വാസ്യത വീണ്ടെടുക്കേണ്ടതുണ്ടെന്നും കോൺഗ്രസ് ഉൾപ്പെടെ പ്രതിപക്ഷത്തെ എല്ലാ കക്ഷികളുമായി കൂടിയാലോചിച്ചു തീരുമാനം എടുക്കുമെന്നും യച്ചൂരി പറഞ്ഞു. തന്ത്രങ്ങൾ രൂപപ്പെടുത്തുന്നതിനു പ്രതിപക്ഷ കക്ഷികളുടെ യോഗം ഉടൻ ചേരുമെന്നും അദ്ദേഹം പറഞ്ഞു.